തിരുവനന്തപുരം: യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. രാഹുല്‍ മോശമായ രീതിയില്‍ പെരുമാറി എന്ന് ആരോപിച്ച് ശബ്ദസന്ദേശങ്ങളും ചാറ്റുകളും അടക്കം പുറത്തുവിട്ടുകൊണ്ടാണ് പലരും മുന്നോട്ടുവന്നിരിക്കുന്നത്. അതിനിടെ ഒരു സ്ത്രീയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നു എന്ന രീതിയിൽ ഒരു ഓഡിയോ സംഭാഷണവും ചില ചാനലുകൾ പുറത്തുവിട്ടിട്ടുണ്ട്. കുറേ നാളുകളായി ഈ ആരോപണം സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇന്നലെ നടിയുടെ ആരോപണം വന്നതിനു പിന്നാലെയാണ് ആരോപണങ്ങളുടെ പെരുമഴ വന്നത്.
സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് പലരും ഇത്തരം വിവരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. 2020-ല്‍ കെഎസ്‌യുവിന്റെ ചുമതല ഉണ്ടായിരുന്ന സമയത്ത് രാഹുല്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്ന തരത്തിലുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം പുറത്തുവരുന്നുണ്ട്.
ഒരു മാധ്യമപ്രവര്‍ത്തകയുമായി നടത്തിയ സംഭാഷണം എന്ന തരത്തില്‍ പുറത്തുവന്നിട്ടുള്ള ഈ ശബ്ദസന്ദേശത്തില്‍ അതീവ ഗുരുതരമായ ഉള്ളടക്കമാണുള്ളത്. ചില സന്ദേശങ്ങളില്‍ രാഹുല്‍ ആവര്‍ത്തിച്ച് ഫോണ്‍നമ്പര്‍ ചോദിക്കുന്നതും, അനിയനായി കാണേണ്ടതില്ല എന്ന പറയുന്നതും അടക്കം ഉണ്ട്.
ഇവയുടെ ആധികാരികത സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കേണ്ടതായുണ്ട്. അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയാണ് ഇത്തരം വിവരങ്ങള്‍ പുറത്തുവരുന്നത് എന്നും ആക്ഷേപമുണ്ട്. സിപിഎം, ബിജെപി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ ഇത്തരം വിവരങ്ങളൊന്നും ഷെയര്‍ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പരാതികളെല്ലാം ഉയരുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയാണ് എന്നതും പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.
Serious allegations against Rahul