ഡൽഹി: വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നെന്നും രാജ്യത്ത് വോട്ട് കൊള്ള നടക്കുന്നുവെന്നുമുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് ഒത്തുകളിച്ചെന്നും തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. പ്രതിപക്ഷ നേതാവിന്റെ വ്യാഴാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് രാഹുല്‍ഗാന്ധിക്ക് കത്തയച്ചത്.
ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭ മണ്ഡലത്തില്‍ വന്‍തോതില്‍ വോട്ട് മോഷണം നടത്തിയാണ് ബിജെപി കോണ്‍ഗ്രസിനെതിരേ വിജയിച്ചതെന്ന് തെളിവുകള്‍ നിരത്തി വാദിച്ച രാഹുല്‍ ഗാന്ധി മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യമെമ്പാടും ഇത്തരത്തില്‍ ബിജെപി വോട്ടര്‍ പട്ടിക അട്ടിമറിച്ചാണ് ബിജെപി അധികാരത്തില്‍ തുടര്‍ന്നതെന്ന് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നടന്ന ക്രമക്കേടിന്റെ തെളിവുകള്‍ നിരത്തിയാണ് രാഹുല്‍ഗാന്ധി ഇക്കാര്യം സമര്‍ത്ഥിച്ചത്. ഇതോടെ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന്റെ വസ്തുതകളടക്കം ഒപ്പിട്ട സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്. വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദേശിച്ചത്. ഇതിനായുള്ള സത്യവാങ്മൂലത്തിന്റെ മാതൃകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് അയച്ചുനല്‍കി. വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഈ നടപടിയെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. താന്‍ പറഞ്ഞ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിനെക്കുറിച്ചും രാഹുല്‍ഗാന്ധി പ്രതികരിച്ചു.
ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭ മണ്ഡലത്തില്‍ മാത്രം 1,00,250 വോട്ടുകള്‍ കവര്‍ന്നെടുക്കപ്പെട്ടെന്ന് രാഹുല്‍ഗാന്ധിയുടെ ആരോപണം. ഇരട്ടവോട്ടര്‍മാര്‍, വ്യാജമായതോ നിലവില്ലാത്തതോ ആയ വിലാസത്തിലുള്ള വോട്ടര്‍മാര്‍, ഒരുവിലാസത്തില്‍ തന്നെ നിരവധി വോട്ടര്‍മാര്‍, അസാധുവായ ഫോട്ടോകളുള്ള വോട്ടര്‍മാര്‍, ഫോം 6-ന്റെ ദുരുപയോഗം എന്നിങ്ങനെ വിവിധ വഴികളിലൂടെയാണ് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ തെളിവുകളും വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടു.
കര്‍ണാടകയിലെ 16 ലോക്സഭ മണ്ഡലങ്ങളില്‍ വിജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍. പക്ഷേ, 9 മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. അതോടെ അപ്രതീക്ഷിത തോല്‍വിയുണ്ടായ ഏഴുമണ്ഡലങ്ങളില്‍ ഒന്നായ ബെംഗളൂരു സെന്‍ട്രലിലും അതില്‍ ഉള്‍പ്പെട്ട മഹാദേവപുര നിയസഭ മണ്ഡലത്തിലും കോണ്‍ഗ്രസ് പരിശോധന നടത്തിയതോടെയാണ് വോട്ടിംഗിലെ ക്രമക്കേട് വ്യക്തമായത്. കോണ്‍ഗ്രസ് തങ്ങളുടെ സന്നാഹം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് വോട്ടുമോഷണത്തിന്റെ ഞെട്ടിക്കുന്നവിവരങ്ങള്‍ കണ്ടെത്തിയതെന്നും രാഹുല്‍ഗാന്ധി വാര്‍ത്ത സമ്മേളനത്തില്‍ തെളിവ് പുറത്തുവിട്ടു പറഞ്ഞു. മഹാദേവപുരയില്‍ മാത്രം 1,00,250 വോട്ടുകളിലാണ് ക്രമക്കേട് നടന്നതെന്നും രാഹുൽ വിവരിച്ചിരുന്നു.