പാകിസ്താനില്‍ വന്‍ എണ്ണശേഖരമുണ്ടെന്ന ട്രംപിന്റെ വാദം: ‘അതൊരു ദിവാസ്വപ്നം’ എന്ന് പരിഹസിച്ച് ശശി തരൂര്‍

പാകിസ്താനില്‍ വന്‍ എണ്ണശേഖരമുണ്ടെന്ന ട്രംപിന്റെ വാദം: ‘അതൊരു ദിവാസ്വപ്നം’ എന്ന് പരിഹസിച്ച് ശശി തരൂര്‍

തിരുവനന്തപുരം: പാകിസ്താനിൽ വലിയ എണ്ണശേഖരമുണ്ടെന്നും ഭാവിയിൽ ഇന്ത്യയ്ക്ക് വേണമെങ്കിൽ അത് വിൽക്കാമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ച് ശശി തരൂർ എം.പി. അമേരിക്കക്കാർ ചിലപ്പോൾ ദിവാസ്വപ്നത്തിലായിരിക്കാമെന്ന് ശശി തരൂർ പറഞ്ഞു.

“പാകിസ്താനിൽ എണ്ണയുണ്ടെന്ന രീതിയിൽ വല്ല ദിവാസ്വപ്നവും ട്രംപിന് ഉണ്ടായിക്കാണാം. പണ്ട് ഒരു രാജ്യമായിരുന്നു ഇന്ത്യയും പാകിസ്താനും. പക്ഷേ, പാകിസ്താന്റെ ഭൂപ്രദേശത്ത് എവിടെയെങ്കിലും വൻതോതിൽ എണ്ണശേഖരമുണ്ടെന്ന് എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല,” ശശി തരൂർ വ്യക്തമാക്കി.

ഇതാണ് യാഥാർത്ഥ്യമെന്നിരിക്കെയാണ്, പാകിസ്താനുമായി എണ്ണ പര്യവേഷണത്തിന്റെ കാര്യത്തിൽ അമേരിക്ക കരാറുണ്ടാക്കിയെന്നും പാകിസ്താനിലെ വൻ എണ്ണ ശേഖരം കുഴിച്ചെടുക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ഇത് കുഴിച്ചെടുക്കാനുള്ള പ്രധാന എണ്ണക്കമ്പനിയെ നിശ്ചയിച്ചുവരികയാണെന്നും ചിലപ്പോൾ അവർ ഈ എണ്ണ ഇന്ത്യയ്ക്ക് തന്നെ വിറ്റുകൂടെന്നില്ലെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. ഇന്ത്യയുമായി വർധിച്ചുവരുന്ന അഭിപ്രായഭിന്നതയുടെ ഭാഗമായി ഇന്ത്യയെ പ്രകോപിപ്പിക്കുകയായിരുന്നു ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നിലെ ലക്ഷ്യമെന്ന് ചിലർ വിലയിരുത്തിയിരുന്നു. കാരണം പാകിസ്താനിൽ വൻതോതിലുള്ള എണ്ണ ശേഖരമില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. പിന്നെ എങ്ങനെയാണ് അത് കുഴിച്ചെടുക്കുക എന്നതാണ് പലരും ഉയർത്തുന്ന ചോദ്യം.

“ശരി, നമുക്ക് നോക്കാം. ഇക്കാര്യത്തിൽ ട്രംപിന് എല്ലാ ഭാവുകങ്ങളും നേരുന്നു,” ശശി തരൂർ പരിഹസിച്ചു.

“മറ്റ് രാജ്യങ്ങളിൽ അവർ ആഗ്രഹിക്കുന്ന എന്തും അവർ ചെയ്തോട്ടെ. പക്ഷേ, നമ്മുടെ രാജ്യത്തിൽ എന്താണ് അമേരിക്ക ചെയ്യാൻ പോകുന്നത് എന്നതിൽ മാത്രമാണ് എനിക്ക് പ്രശ്നമുള്ളൂ,” ശശി തരൂർ പറഞ്ഞു.

ഇതൊരു ചരിത്രപരമായ കരാറാണെന്നും ഇസ്‌ലാമാബാദും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കാൻ ഇത് സഹായിക്കുമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് പറഞ്ഞിരുന്നു.

Shashi Tharoor mocks Trump’s claim that Pakistan has huge oil reserves, calling it ‘a daydream’

Share Email
Top