മിനിയാപൊളിസിലെ അനൻസിയേഷൻ കത്തോലിക് സ്‌കൂളിൽ വെടിവെപ്പ്: അക്രമി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്

മിനിയാപൊളിസിലെ അനൻസിയേഷൻ കത്തോലിക് സ്‌കൂളിൽ വെടിവെപ്പ്: അക്രമി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്

മിനിയാപൊളിസ്: മിനിയാപൊളിസിലെ ഒരു സ്‌കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ആക്രമണം നടത്തിയയാൾ സ്വയം വെടിവെച്ച് മരിച്ചതായി മിനിയാപൊളിസ് പോലീസ് അറിയിച്ചു. മിനിയാപൊളിസിലെ അനൻസിയേഷൻ കത്തോലിക് സ്‌കൂളിലാണ് സംഭവം. പരിക്കേറ്റവരിൽ കൂടുതലും കുട്ടികളാണ്.

ബുധനാഴ്ച രാവിലെ 8.45-ഓടെയാണ് സംഭവം. കിൻ്റർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. രാവിലെ പ്രാർത്ഥനയ്ക്കായി കുട്ടികളും അധ്യാപകരും പള്ളിയിൽ ഒത്തുകൂടിയപ്പോഴാണ് അക്രമി ജനാലകളിലൂടെ വെടിയുതിർത്തത്. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. മരിച്ച കുട്ടികൾക്ക് എട്ടും പത്തും വയസ്സാണ് പ്രായമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തെ മിനസോട്ട ഗവർണർ ടിം വാൾസ് “ഭീതിജനകം” എന്ന് വിശേഷിപ്പിച്ചു. അക്രമം നടന്ന സമയം കുട്ടികൾ പ്രഭാത പ്രാർത്ഥനയിൽ ആയിരുന്നുവെന്ന് ഗവർണർ സ്ഥിരീകരിച്ചു.

വെടിവെപ്പ് നടന്ന ഉടൻ തന്നെ പോലീസ്, എഫ്ബിഐ, മറ്റ് സുരക്ഷാ ഏജൻസികൾ, ആംബുലൻസ് എന്നിവ സ്ഥലത്തെത്തി. കുട്ടികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. 1923 മുതൽ പ്രവർത്തിക്കുന്ന ഈ സ്വകാര്യ സ്‌കൂളിൽ 395 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്കൂളിൽ അധ്യയനം ആരംഭിച്ചത്.

ഈ സംഭവത്തിന് തലേദിവസവും മിനിയാപൊളിസ് നഗരത്തിൽ വെടിവെപ്പ് നടന്നിരുന്നു. ചൊവ്വാഴ്ച ഒരു ഹൈസ്കൂളിന് പുറത്തുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അതേസമയം, മിനിയാപൊളിസിലെ ഈ ദുരന്തപൂർണമായ സംഭവത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

Shooting at Annunciation Catholic School in Minneapolis: Three people including the attacker died, 20 were injured

Share Email
Top