ന്യൂഡൽഹി: ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ അതിമനോഹരമായ വീഡിയോ പങ്കുവെച്ച് ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല. സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് കൂട്ടി ലാന്‍ഡ്സ്‌കേപ്പ് മോഡില്‍ ഈ വീഡിയോ കാണണമെന്ന് എക്‌സില്‍ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.
ബഹിരാകാശത്ത് നിന്നുള്ള ഭാരതത്തിന്റെ ഒരു ടൈംലാപ്‌സ് വീഡിയോയാണിത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ഇന്ത്യയുടെ കിഴക്കന്‍ തീരത്തിലൂടെ തെക്ക് നിന്ന് വടക്കോട്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) നീങ്ങുന്നത്. വീഡിയോയില്‍ കാണുന്ന പര്‍പ്പിള്‍ നിറത്തിലുള്ള മിന്നലാട്ടങ്ങള്‍ ഇടിമിന്നലുകളാണെന്നും അതിനുശേഷം ഹിമാലയം കാഴ്ചയിലേക്ക് വരുന്നുണ്ടെന്നും തുടര്‍ന്ന് ഒരു സൂര്യോദയവും കാണാമെന്നും അദ്ദേഹം വിശദീകരിച്ചു. കനത്ത മണ്‍സൂണ്‍ മേഘങ്ങള്‍ക്കിടയിലൂടെ ഭാരതത്തിന്റെ ഏതാനും ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ബഹിരാകാശ നിലയത്തില്‍ ഉണ്ടായിരുന്നത് നിര്‍ഭാഗ്യവശാല്‍ മണ്‍സൂണ്‍ കാലത്തായിരുന്നു. ആകാശം മിക്കവാറും മേഘാവൃതമായിരുന്നു. എങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞു, അതിലൊന്നാണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്. ഇത് കാണുമ്പോള്‍ നിങ്ങള്‍ ഐഎസ്എസിലെ ക്യുപോളയില്‍ (ജനല്‍) ഇരുന്ന് ദൃശ്യം നേരില്‍ കാണുന്നതായി തോന്നണം’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹം ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളം നടത്തിയിരുന്നു. ആക്‌സിയം-4 ദൗത്യത്തെ ഒരു ചരിത്രനേട്ടമെന്നും മുഴുവന്‍ രാഷ്ട്രത്തിനും വേണ്ടിയുള്ള ദൗത്യമെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍, ദൗത്യത്തെ അഭിമാനകരമായ ഒരു നാഴികക്കല്ലായി വിശേഷിപ്പിച്ചിരുന്നു. നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ഉപഗ്രഹത്തിന്റെ ജിഎസ്എല്‍വി-എഫ്16 വിക്ഷേപണം ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖല വളര്‍ച്ച അടിവരയിടുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആഗോള പ്രാധാന്യത്തിന് ആക്‌സിയം-4 ദൗത്യം അടിവരയിടുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Shubhamshu Shukla shares stunning video of India from space