ബംഗളൂരു : കർണാടകയിലെ ധർമ്മസ്ഥലയിൽ നടന്നുവന്ന പരിശോധന പ്രത്യേക അന്വേഷണ സംഘം താൽക്കാലികമായി നിർത്തിവെച്ചതായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ലഭിച്ച മൃതദേഹങ്ങളുടെ ഫോറൻസിക്, രാസ പരിശോധന ഫലങ്ങൾക്കായി കാത്തിരിക്കുന്നതിനാലാണ് ഈ തീരുമാനം എന്നാണ് വിശദീകരണം. പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം അന്വേഷണത്തിൻ്റെ അടുത്ത ഘട്ടം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കർണാടക നിയമസഭയിൽ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ആണ് അന്വേ ഷണത്തിനായി എസ് ഐ റ്റി രൂപീകരിക്കാൻ തീരുമാനിച്ചത്.
ലഭിച്ച മൃതദേഹ ഭാഗങ്ങളുടെ ഫൊറൻസിക് ഫലം കാക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഫൊറൻസിക് പരിശോധനാഫലം ലഭിച്ച ശേഷമാകും തുടർ നടപടികൾ. നിയമസഭയിലാണ് സർക്കാർ നിലപാട് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്. തുടരന്വേഷണത്തിൽ അന്തിമ തീരുമാനം എസ്ഐടിക്ക് എടുക്കാമെന്നും സർക്കാർ വ്യക്തമാക്കി. എസ്ഐടി മേധാവി പ്രണബ് മൊഹന്തിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ജി.പരമേശ്വര നിലപാട് അറിയിച്ചത്.
ധർമ്മസ്ഥലയിൽ എസ്ഐടി അന്വേഷണം നിർത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം വിഷയം സഭയിൽ ചർച്ച ചെയ്തിരുനെങ്കിലും ബിജെപി സമരം ശക്തമാക്കിയതോടെ സർക്കാർ പ്രതിരോധത്തിലാവുകയായിരുന്നു. ധർമസ്ഥല ചലോ യാത്ര ഉൾപ്പെടെയുള്ള ബിജെപി നീക്കങ്ങൾ രാഷ്ട്രീയ വൽക്കരണം എന്നാരോപിച്ച് തള്ളുമ്പോഴും വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന എന്ന വാദം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തന്നെ മുന്നോട്ടുവച്ചത് സമ്മർദം മുന്നിൽക്കണ്ടാണ്. പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കിൽ എസ്ഐടി അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ അറിയിച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം ബെൽത്തങ്കടിയിലെ എസ് ഐ ടി ഓഫീസ് സന്ദർശിച്ച് വിശദാംശങ്ങൾ തേടിയിരുന്നു. ധർമസ്ഥല ക്ഷേത്രത്തിന് സമീപത്തെ ഗൊമ്മലബെട്ടയിലും സംഘം സന്ദർശനം നടത്തി.