കോഴിക്കോട് : പേരാമ്പ്ര കൂത്താളിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ ലിനീഷ് (42) അറസ്റ്റിൽ. പത്മാവതി അമ്മ (65) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 5-ന് മദ്യലഹരിയിൽ സ്വർണം ആവശ്യപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ലിനീഷ് അമ്മയെ മർദിക്കുകയായിരുന്നു.
സംഭവശേഷം, ബോധരഹിതയായി കിടക്കുകയായിരുന്ന അമ്മയെ ആശുപത്രിയിലെത്തിച്ചു എന്നാണ് ഇയാൾ പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പേരാമ്പ്രയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച് പത്മാവതി അമ്മ മരിച്ചു. മരണത്തിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.
തുടർന്ന്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ പേരാമ്പ്ര പോലീസ് ലിനീഷിനെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിൽ ലിനീഷ് കുറ്റം സമ്മതിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.