ന്യൂയോർക്ക്: ശരീരവലുപ്പമുള്ള യാത്രക്കാർക്ക് വിമാനയാത്ര കൂടുതൽ ബുദ്ധിമുട്ടാക്കിക്കൊണ്ട് പുതിയ നയവുമായി സൗത്ത് വെസ്റ്റ് എയർലൈൻസ്. 2026 ജനുവരി 27 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം, ശരീരവലുപ്പം കാരണം ഒരു സീറ്റിൽ ഒതുങ്ങാത്ത യാത്രക്കാർക്ക് അധിക ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടി വരും.
വിവിധ യാത്രാനുകൂല്യങ്ങളോടെ കുറഞ്ഞ നിരക്കിൽ യാത്ര നൽകിയിരുന്ന സൗത്ത് വെസ്റ്റ് എയർലൈൻസ്, അടുത്തിടെയായി തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തിത്തുടങ്ങിയിരുന്നു. അസൈൻഡ് സീറ്റിംഗ് സമ്പ്രദായം, ബാഗേജ് ഫീസ് എന്നിവ അതിൽ ചിലതാണ്. ഇത് തങ്ങളുടെ ഉപഭോക്താക്കളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന് ചിലർ അഭിപ്രായപ്പെട്ടു.
ഇതുവരെ, യാത്രക്കാർക്ക് സൗജന്യമായി അധിക സീറ്റ് വിമാനത്താവളത്തിൽ വെച്ച് ആവശ്യപ്പെടാനോ, രണ്ടാമത്തെ ടിക്കറ്റ് നേരത്തെ എടുത്ത് പിന്നീട് റീഫണ്ട് വാങ്ങിക്കാനോ സാധിക്കുമായിരുന്നു. പുതിയ നയം അനുസരിച്ച്, വിമാനത്തിൽ ഒരു സീറ്റെങ്കിലും ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ മാത്രം രണ്ടാമത്തെ ടിക്കറ്റിന് റീഫണ്ട് ലഭിക്കുന്നതാണ്. യാത്രക്കാർ വിമാനയാത്ര കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ റീഫണ്ടിനായി അപേക്ഷിക്കണം.
അമേരിക്കയിലെ ഫാറ്റ് ആക്ടിവിസ്റ്റ് ഓർഗനൈസേഷന്റെ ഡയറക്ടറായ ടൈഗ്രസ് ഓസ്‌ബോൺ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്, ‘വിമാനത്തിൽ യാത്ര ചെയ്യാൻ സൗത്ത് വെസ്റ്റ് മാത്രമായിരുന്നു ശരീരവലുപ്പമുള്ള യാത്രക്കാർക്ക് ഏക പ്രതീക്ഷ. പക്ഷെ ഇപ്പോൾ ആ പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ്’ എന്നാണ്. ഈ നയം ഡെൽറ്റ, അമേരിക്കൻ എയർലൈൻസ്, ജെറ്റ്ബ്ലൂ എന്നിവയെക്കാൾ ലളിതമാണെങ്കിലും, ഇത് വലിയൊരു തിരിച്ചടിയാണ് എന്ന് അവർ കൂട്ടിച്ചേർത്തു.
Southwest Airlines introduces new policy that charges extra for fat passengers