യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച പ്രതിരോധ ബജറ്റ് ‘ഭീഷണി’ക്കും അമേരിക്കൻ യുദ്ധവിമാന വാങ്ങൽ പദ്ധതിക്കും സ്പെയിൻ കടുത്ത തിരിച്ചടിയാണ് നൽകിയത്. നാറ്റോ അംഗരാജ്യങ്ങൾ 2035നകം പ്രതിരോധ ചെലവ് ജിഡിപിയുടെ 5% ആക്കണമെന്ന ട്രംപിന്റെ നിർദ്ദേശം നേരത്തേ തള്ളിയതോടെ, സ്പെയിൻ പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ, സ്പെയിൻ അത് അവഗണിച്ചു.
സ്പാനിഷ് സർക്കാർ 2023-ൽ 724 കോടി ഡോളർ മാറ്റിവച്ചിരുന്ന യുഎസ് നിർമിത എഫ്-35 യുദ്ധവിമാനം വാങ്ങൽ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന ഈ വിമാനങ്ങൾ വാങ്ങുന്നതിനുപകരം, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രതിരോധ ബജറ്റ് 2% ആയി തുടരണം എന്ന് വ്യക്തമാക്കി.
ഇതിനൊപ്പം, പെഡ്രോ സാഞ്ചസ് ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതും അമേരിക്കയെ അസ്വസ്ഥരാക്കി. ചൈന ഇപ്പോൾ സ്പെയിനിന്റെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് — 45 ബില്യൺ യൂറോയുടെ ഉൽപ്പന്നങ്ങൾ ചൈന സ്പെയിനിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ, സ്പെയിൻ 7.4 ബില്യൺ യൂറോയുടെ ഉൽപ്പന്നങ്ങൾ മാത്രമാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ചൈനീസ് കമ്പനികൾ സ്പെയിനിൽ വൻ നിക്ഷേപങ്ങളും നടത്തുന്നുണ്ട്.
1898-ലാണ് സ്പെയിൻ അവസാനമായി യുദ്ധത്തിൽ പങ്കെടുത്തത്. ഇപ്പോൾ യുദ്ധഭീഷണികളില്ലാത്ത സാഹചര്യവും, അടിയന്തരമായി യുദ്ധവിമാനം വാങ്ങേണ്ട ആവശ്യമില്ലാത്തതും പ്രതിരോധ ചെലവ് 2% ആയി നിലനിർത്താൻ സ്പെയിനിന് ആത്മവിശ്വാസം നൽകുന്നു.
യൂറോപ്യൻ യൂണിയൻ അംഗമായതിനാൽ ട്രംപ് പ്രഖ്യാപിച്ച 15% തീരുവയാണ് സ്പെയിനിന് ബാധകം. അതേസമയം, യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത സ്വിറ്റ്സർലൻഡിന് ട്രംപ് 39% തീരുവ ചുമത്തി ഞെട്ടിച്ചിരുന്നു.
സ്പെയിനിലെ പ്രതിപക്ഷം, ആഭ്യന്തര അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പെഡ്രോ അമേരിക്കയ്‌ക്കെതിരെ കടുത്ത നിലപാട് എടുക്കുന്നതെന്ന് ആരോപിക്കുന്നു. എന്നാൽ, നിലവിൽ ട്രംപിൽ നിന്ന് താരിഫ് സംബന്ധിച്ച വലിയ വെല്ലുവിളി ഇല്ലെന്നത് പെഡ്രോ സർക്കാരിന് അനുകൂല ഘടകമായി തുടരുന്നു.
Spain defies Trump’s pressure; Cancels deal to purchase U.S. F-35 fighter jets.