തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം സെപ്റ്റംബർ മൂന്നു മുതൽ ഒൻപത വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും.
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി . പിണറായി വിജയൻ നിർവഹിക്കും.
സംഗീത, നൃത്ത, വാദ്യഘോഷങ്ങളോടെ സെപ്റ്റംബർ ഒമ്പത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്.മന്ത്രി . പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, എം.പിമാർ, എം.എൽ.എ.മാർ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ടൂറിസം സെക്രട്ടറി ശ്രീ.കെ. ബിജു, തുടങ്ങിയവർ പങ്കെടുക്കും.
സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി മോഹൻ (ജയം രവി) എന്നിവർ മുഖ്യാ തിഥികളാകും.ഉദ്ഘാടന ചടങ്ങിനു ശേഷം നിശാഗന്ധിയിൽമ്യൂസിക്ക് നൈറ്റ് അരങ്ങേറും.വൈവിധ്യപൂർണമായ ഓണാഘോഷ പരിപാടികളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്.ദീപാലങ്കാരവും ഘോഷയാത്രയും കലാപരിപാടികളും ഉൾപ്പെടെ മുൻവർഷങ്ങളേക്കാൾ വിപുലമായി നടത്തും.
കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടും.സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീൻ ഫീൽഡ്, ശംഖുമുഖം, ഭാരത് ഭവൻ,ഗാന്ധിപാർക്ക്, വൈലോപ്പിളളി സംസ്‌കൃതി ഭവൻ, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികൾ അരങ്ങേറുക.
വർക്കല ടൂറിസം കേന്ദ്രത്തിലും നെടുമങ്ങാടും വിപുലമായ പരിപാടികൾ അരങ്ങേറും. 31 ന് വൈകുന്നേരം അഞ്ചിന് കനകക്കുന്നിൽ ഓണാഘോഷത്തിന്റെ പതാക ഉയർത്തും.ഓണം ട്രേഡ് ഫെയർ ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടിന് കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യും.
State government’s Onam week celebrations begin from September 3