കൊല്ലം: വികൃതി കാണിച്ചതിന്റെ പേരിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ രണ്ടാനച്ഛൻ ഇസ്തിരിപ്പെട്ടി വെച്ച് പൊള്ളിച്ചു. കൊല്ലം മൈനാഗപ്പള്ളിയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുട്ടിയുടെ കാലിനാണ് ഗുരുതരമായി പൊള്ളലേറ്റത്.
സംഭവത്തെ തുടർന്ന് കുട്ടിയുടെ രണ്ടാനച്ഛനായ കൊച്ചനിയനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി നിരന്തരമായി വികൃതി കാണിച്ചതുകൊണ്ടാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കുട്ടിയുടെ അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്.
പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) കൈമാറി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.