തെക്കൻ യൂറോപ്പിനെ വേനൽക്കാലം അതിന്റെ അതിശക്ത രൂപത്തിൽ വിറപ്പിച്ചുകൊണ്ടിരിക്കുന്നു. ഇറ്റലി, ഗ്രീസ്, സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ ഉഷ്ണതരംഗം തീവ്രമാകുകയാണ്. ഇതോടെ ടൂറിസ്റ്റുകളും കുടുംബത്തോടൊപ്പം വാരാന്ത്യാവധിക്കെത്തിയവരുമായി നിരവധി പേർ സുരക്ഷ തേടി മറ്റു പ്രദേശങ്ങളിലേക്ക് ഒഴിഞ്ഞു.
ഫ്രാൻസിൽ മാത്രം കാട്ടുതീ 13,000 ഹെക്ടർ വനമേഖല ദഹിപ്പിച്ചു. നിരവധി പ്രദേശങ്ങളിൽ തീയെ നിയന്ത്രിക്കാൻ അധികൃതർക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമന സേനാഗത്തിനു ജീവൻ നഷ്ടമായി.
ഇറ്റലിയിൽ താപനില 37 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതോടെ തലസ്ഥാനമായ റോമിലും വത്തിക്കാനിലും 2500 ഓളം ഫൗണ്ടനുകൾ സ്ഥാപിച്ച് പൊതുജനങ്ങൾക്ക് ശമനം കണ്ടെത്താനാണ് അധികൃതരുടെ ശ്രമം. പോർച്ചുഗലിൽ താപനില 42 ഡിഗ്രി വരെ ഉയർന്ന് തലസ്ഥാനമായ ലിസ്ബണിൽ നിന്നും പലായനം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
സ്പെയിനിൽ ഞായറാഴ്ച മുതൽ മിക്ക പ്രദേശങ്ങളിലും താപനില 40 ഡിഗ്രി പിന്നിട്ടു. കഴിഞ്ഞ വർഷങ്ങളിൽ തീപിടിത്തം അനുഭവിച്ച മേഖലകളിലായി അധികമായി ജാഗ്രത പുലർത്തുകയാണ്. ഫ്രാൻസിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമായി നഗരത്തിലെ സ്വിമ്മിങ് പൂളുകൾ സൗജന്യമായി തുറന്നുകൊടുത്തിട്ടുണ്ട്.
ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് അന്തരീക്ഷ ചൂടുയർത്തുകയും പാരിസ്ഥിതിക ഭീഷണി വർധിപ്പിക്കുകയും ചെയ്യുമെന്ന ശാസ്ത്രീയ മുന്നറിയിപ്പ് വീണ്ടും ഉറപ്പിക്കപ്പെടുകയാണ്.
സ്പെയിനിലെ ബീച്ച്ടൂറിസ്റ്റ് പട്ടണമായ താരിഫയിൽ 1500 ആളുകളെയും 5000 വാഹനങ്ങളും ഒഴിപ്പിച്ചു. ബീച്ചിനോട് ചേർന്നുള്ള കാടിനടുത്ത് പാർക്ക് ചെയ്തിരുന്ന കാമ്പർ വാന് തീപിടിക്കുകയും കാറ്റിൽ തീ പടരുകയുമായിരുന്നു. ശക്തമായ ചൂടുകാറ്റും തീ പടരാൻ കാരണമാകുകയാണ്. രാത്രിയും പകലും തീയണക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന.
അയൽരാജ്യമായ പോർച്ചുഗലിൽ കാട്ടുതീ കനത്ത നാശം വിതച്ച് 42,000 ഹെക്ടർ വനഭാഗം കത്തിച്ചാമ്പലായി. വെറും രണ്ട് ആഴ്ചക്കുള്ളിൽ തീ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലേക്കും പടരുകയാണ്.
Summer misery in Southern Europe; Wildfires and heatwaves intensify