2,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന് നിങ്ങൾക്കെങ്ങനെ അറിയാം? രാഹുലിനെതിരെ സുപ്രീം കോടതി

2,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന് നിങ്ങൾക്കെങ്ങനെ അറിയാം? രാഹുലിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തെക്കുറിച്ചും, ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈന കൈവശപ്പെടുത്തിയെന്നുമുള്ള പരാമർശങ്ങളുടെ പേരിൽ

അപകീർത്തി കേസ് നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതിയുടെ രൂക്ഷ വിമർശം.

ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ച് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷങ്ങളെക്കുറിച്ചും 20 ഇന്ത്യൻ സൈനികരുടെ മരണത്തെക്കുറിച്ചുമുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളെയാണ് കോടതി ചോദ്യം ചെയ്തത്. 2,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈന കൈവശപ്പെടുത്തിയെന്നും ഇതിന് നരേന്ദ്ര മോദി സർക്കാരാണ് കരണമെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

“2,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന് നിങ്ങൾക്കെങ്ങനെ അറിയാം? നിങ്ങൾ ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയില്ല എന്നുമാണ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെക്കുറിച്ച് ജസ്റ്റിസ് ദത്ത പറഞ്ഞത്. “നിങ്ങൾ അവിടെയുണ്ടായിരുന്നോ? നിങ്ങൾക്ക് വിശ്വസനീയമായ തെളിവുകളുണ്ടോ?” എന്നും കോടതി ആരാഞ്ഞു.

രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി, “ഇതൊന്നും പറയാൻ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കിൽ… അദ്ദേഹത്തിനെങ്ങനെ പ്രതിപക്ഷ നേതാവാകാൻ കഴിയും?” എന്ന് തിരിച്ചടിച്ചു.

എന്നിരുന്നാലും, കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിൽ സുപ്രീം കോടതി യുപി സർക്കാരിനും പരാതിക്കാരനും നോട്ടീസ് അയച്ചു. ക്രിമിനൽ പരാതി പരിഗണിക്കുന്നതിന് മുൻപ് രാഹുൽ ഗാന്ധിക്ക് ഒരു മുൻകൂർ വാദം കേൾക്കാൻ അവസരം നൽകാതിരുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലെ പിഴവുകൾ സിംഗ്വി ചൂണ്ടിക്കാട്ടി.

Share Email
LATEST
Top