കരൺ ഥാപ്പറിനും സിദ്ധാർഥ് വരദരാജനുമെതിരായ അറസ്റ്റ് നടപടികൾ തടഞ്ഞ് സുപ്രിം കോടതി

കരൺ ഥാപ്പറിനും സിദ്ധാർഥ് വരദരാജനുമെതിരായ അറസ്റ്റ് നടപടികൾ തടഞ്ഞ് സുപ്രിം കോടതി

ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകരായ കരൺ ഥാപ്പറിനും ദ വയർ എഡിറ്റർ സിദ്ധാർഥ് വരദരാജനുമെതിരായ അസം പൊലീസിന്റെ അറസ്റ്റ് നടപടികൾ തടഞ്ഞ് സുപ്രിം കോടതി. സെപ്തംബർ 15 വരെയാണ് നടപടികൾ തടഞ്ഞത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ ഇരുവരോടും ഇന്ന് ഹാജരാകാനാണ് ഗുവാഹത്തി പൊലീസ് നിർദേശം നൽകിയിരുന്നത്.

അസ്സം സർക്കാരിന്റെ രണ്ടാമത്തെ കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.ഭാരതീയ ന്യായ സംഹിതയിലെ 152,196 ഉൾപ്പെടെ 7 വകുപ്പുകളാണ് ഇരുവർക്കും എതിരെ ചുമത്തിയിരുന്നത്. എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് കരുതുന്നുവെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു.

ഇരുവർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് പിൻവലിക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടിരുന്നു. അസ്സം പൊലീസിന്റെ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരായ ആക്രമണമാണ്. രാജ്യദ്രോഹക്കുറ്റം ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും എംപിമാർ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വാർത്തയുടെ പേരിൽ വാർത്താ പോർട്ടലായ ദി വയറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ കടുത്ത നടപടികൾ സുപ്രിം കോടതി തടഞ്ഞിരുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർന്നെന്ന വാർത്തയുടെ പേരിലായിരുന്നു ദി വയറിനെതിരെ കേസെടുത്തത്. എഡിറ്റർ സിദ്ധാർത്ഥ് വരദരാജനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്നായിരുന്നു ഇടക്കാല ഉത്തരവ്. ചോദ്യം ചെയ്യലിനോട് സഹകരിക്കണമെന്നും നിർദേശിച്ചിരുന്നു.
രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലം വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ഇന്ത്യൻ പ്രതിരോധ അറ്റാഷെയുടെ പ്രസ്താവനയെ ഉദ്ധരിച്ചായിരുന്നു ദി വയറിന്റെ വാർത്ത. പിന്നാലെ രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണി ഉയർത്തിയെന്ന വാദമുന്നയിച്ച് വാർത്താ പോർട്ടലിനെതിരെ കേസെടുക്കുകയായിരുന്നു.

Supreme Court stays arrest proceedings against Karan Thapar and Siddharth Varadarajan

Share Email
Top