ബിഹാറിലെ വോട്ടർ പട്ടിക വിവാദത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

ബിഹാറിലെ വോട്ടർ പട്ടിക വിവാദത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (SIR) നടപടിയിൽ 65 ലക്ഷം പേരുടെ പേര് ഒഴിവാക്കിയ സംഭവത്തിൽ സുപ്രീംകോടതി നിർണായക ഉത്തരവായി . ഒഴിവാക്കപ്പെട്ടവരുടെ പേരുകളും ഒഴിവാക്കാനുള്ള കാരണങ്ങളും ജില്ലാ അടിസ്ഥാനത്തിൽ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. കമ്മീഷൻ നിർദേശം അംഗീകരിച്ചു.

ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക
മരണം, താമസം മാറൽ, ഇരട്ട രജിസ്ട്രേഷൻ തുടങ്ങിയ കാരണങ്ങൾ വ്യക്തമാക്കണമെന്നും, ഒഴിവാക്കപ്പെട്ടവരുടെ പട്ടിക ഓരോ ബൂത്ത് അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി പറഞ്ഞു. വോട്ടറുടെ EPIC നമ്പർ ഉപയോഗിച്ച് പേര് പരിശോധിക്കാനും സാധിക്കണം.

ആധാർ കാർഡ് തെളിവായി സ്വീകരിക്കണം
ഒഴിവാക്കപ്പെട്ടവർ അന്തിമ പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ, അവരുടെ ആധാർ കാർഡും പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.

വ്യാപകമായ പ്രചാരണം നിർബന്ധം
ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രദർശിപ്പിക്കുന്നതിനുള്ള പൊതുഅറിയിപ്പുകൾ ബിഹാറിലെ പ്രമുഖ പത്രങ്ങളിലും ദൂരദർശൻ, റേഡിയോ ചാനലുകളിലും നൽകണം. ജില്ലാ ഇലക്ടറൽ ഓഫീസർമാർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ, അതിലും അറിയിപ്പുകൾ പ്രസിദ്ധീകരിക്കണം.

പട്ടികകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം
ഏകദേശം 65 ലക്ഷം പേരുടെ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടികകൾ ബൂത്ത് ലെവൽ ഓഫീസർമാർ പഞ്ചായത്ത് ഓഫീസുകളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. പരാതിയുള്ളവർ ആധാർ കാർഡിന്റെ പകർപ്പിനൊപ്പം അവകാശവാദങ്ങൾ സമർപ്പിക്കാമെന്നും പൊതുഅറിയിപ്പുകളിൽ വ്യക്തമാക്കണം.

Share Email
LATEST
Top