തിരുവനന്തപുരം: സ്വാമി സത്യാനന്ദ സരസ്വതിയുടെ ശിഷ്യനും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മിഷൻ പ്രസ്ഥാനങ്ങളുടെ അധ്യക്ഷനുമായ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി (75) സമാധിയായി. ശ്രീരാമദാസ മിഷൻ യൂണിവേഴ്‌സൽ സൊസൈറ്റി രക്ഷാധികാരി, ശ്രീരാം ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി, കേരളത്തിനകത്തും പുറത്തുമായി നൂറിൽപരം ക്ഷേത്രങ്ങളുടെ ആചാര്യൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. ശ്രീരാമദാസ മിഷൻ പ്രസ്ഥാനങ്ങളുടേതുൾപ്പെടെ എഴുപതോളം ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാകർമം നിർവഹിച്ചിട്ടുണ്ട്.
തൃശൂർ പെരിങ്ങരയിലെ ഹരീശ്വരൻ നമ്പൂതിരിയുടെയും ഉണ്ണിമായ അന്തർജനത്തിന്റെയും മകനായി 1949 നവംബർ 21-നാണ് അദ്ദേഹം ജനിച്ചത്. ഗണിതശാസ്ത്രത്തിൽ ബിരുദധാരിയായ അദ്ദേഹം വേദങ്ങളിലും തന്ത്രശാസ്ത്രത്തിലും പ്രാവീണ്യം നേടി. 1981-ൽ വയനാട് തിരുനെല്ലി ക്ഷേത്രത്തിൽവെച്ച് സ്വാമി സത്യാനന്ദ സരസ്വതിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഗുരുനാഥനോടൊപ്പം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെത്തി.
2006 നവംബറിൽ സ്വാമി സത്യാനന്ദ സരസ്വതിയുടെ നിര്യാണത്തിനുശേഷം ശ്രീരാമദാസ ആശ്രമം മിഷൻ പ്രസ്ഥാനങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് നിർവഹിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ സമാധി ചടങ്ങ് ഞായറാഴ്ച ഉച്ചയ്ക്ക് 12:20-ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ വെച്ച് നടക്കും.
Swami Brahmapadananda Saraswati passes away