കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ക്ക് ഇനി പുതിയ ചരിത്രം. ‘അമ്മ’ക്ക് നേതൃത്വമേകാൻ പെൺമക്കളെ തെരഞ്ഞെടുത്തു. നടി ശ്വേതാ മേനോൻ പ്രസിഡന്‍റായും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ഇരുവരും തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇതാദ്യമായാണ് താരസംഘടനയുടെ തലപ്പെട്ട് വനിതകൾ എത്തുന്നത്. ശ്വേത മേനോനെതിരെ നടൻ ദേവനാണ് ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്.
അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി ഉണ്ണി ശിവപാൽ ട്രഷറര്‍ സ്ഥാനം സ്വന്തമാക്കി. ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവർ വൈസ് പ്രസിഡന്‍റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസർ ലത്തീഫാണ് മത്സരിച്ച് പരാജയപ്പെട്ടത്. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ തന്നെ അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അമ്മ അസോസിയേഷനിൽ ആകെ 504 അംഗങ്ങളുള്ളപ്പോൾ, ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 70% പോളിംഗോടെ 357 പേർ വോട്ട് ചെയ്തിരുന്നു, എന്നാൽ ഇത്തവണ കടുത്ത മത്സരം നടന്നിട്ടും 12% ഇടിവോടെ 298 പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്, ഇത് 58% പോളിംഗിന് തുല്യമാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്രിയ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്, ദുൽഖർ സൽമാൻ, ജയറാം, മഞ്ജു വാര്യർ, ഉർവശി തുടങ്ങിയ നിരവധി പ്രമുഖർ ഇത്തവണ വോട്ട് ചെയ്യാതിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.