തീരുവയിൽ താളം തെറ്റൽ: കൂടിയ തീരുവ ഓഗസ്റ്റ് 7ന് പ്രാബല്യത്തിൽ വരാനിരിക്കെ വീണ്ടും ട്രംപിന്റെ ഭീഷണി

തീരുവയിൽ താളം തെറ്റൽ: കൂടിയ തീരുവ ഓഗസ്റ്റ് 7ന് പ്രാബല്യത്തിൽ വരാനിരിക്കെ വീണ്ടും ട്രംപിന്റെ ഭീഷണി

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്. ഇന്ത്യയ്ക്കുമേൽ കഴിഞ്ഞയാഴ്ച 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ്, തീരുവ ഇനിയും കുത്തനെ കൂട്ടുമെന്ന് ട്രൂത്ത് സോഷ്യൽ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. 25 ശതമാനം തീരുവ ഓഗസ്റ്റ് 7ന് പ്രാബല്യത്തിൽ വരാനിരിക്കേയാണ് വീണ്ടും ട്രംപിന്റെ വെല്ലുവിളി.

റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ അത് അമിത ലാഭത്തിന് വിപണിയിൽ വിൽക്കുന്നുവെന്നും റഷ്യ എത്രപേരെ യുെ്രെകനിൽ കൊന്നൊടുക്കുന്നുവെന്നത് ഇന്ത്യക്ക് വിഷയമല്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ കേവലം റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, ഓപ്പൺ മാർക്കറ്റിൽ മറിച്ചുവിറ്റ് വലിയ ലാഭവും നേടുകയാണെന്ന് ട്രംപ് ആരോപിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് പ്രത്യേകം പിഴയും ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയെയും ചൈനയെയും ട്രംപ് രോഷം അറിയിച്ചിട്ടുണ്ട്.

കാനഡയുടെ തീരുവ 35 ശതമാനം ആക്കി ഉയർത്താനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ട്രംപ് യുഎസ് വ്യാപാര രംഗത്ത് നാടകീയമായ മാറ്റങ്ങൾ വരുത്താൻ പോകുന്നതിനാൽ ഈ ഓഗസ്റ്റ് ഏഴിന് ഉത്തരവ് പ്രാബല്യത്തിലാകും.

അതേസമയം, ലോക സമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ‘സ്വദേശി’ (മെയ്ഡ് ഇൻ ഇന്ത്യ) ഉൽപ്പന്നങ്ങൾക്ക് ഊന്നൽ നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകൾക്ക് 25 ശതമാനം തീരുവയും റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ പിഴച്ചുങ്കവും ചുമത്താനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.• കഴിഞ്ഞ മേയിൽ നടന്ന ഇന്ത്യപാക് സൈനികപോരാട്ടം നിർത്തിയത് താനാണെന്ന അവകാശവാദം, ഇന്ത്യയുടെ നിഷേധപ്രസ്താവനകളെ അവഗണിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചതോടെ പല കാര്യങ്ങളിലും ഇന്ത്യയ്ക്കും യുഎസിനും ഒരേ സമീപനമല്ല എന്നു വ്യക്തമായി. അതിനിടെ, പാക്ക് സൈനികമേധാവിയെ വൈറ്റ് ഹൗസിൽ ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയും ചെയ്തു.

ഇപ്പോൾ ഇന്ത്യയുടെ മേൽ ഉയർന്ന തീരുവ ചുമത്തിയെന്നു മാത്രമല്ല, ഇന്ത്യൻ സമ്പദ്ഘടന നിർജീവമാണെന്നും, ഇന്ത്യ റഷ്യയിൽനിന്ന് എണ്ണയും ആയുധങ്ങളും വാങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ഇന്ത്യ റഷ്യയോടൊപ്പം പോയി തുലയട്ടെ എന്നുമുള്ള ട്രംപിന്റെ പ്രസ്താവനകൾ ഇന്ത്യൻ നയതന്ത്രനേതൃത്വത്തെ സ്തബ്ധരാക്കിയിരിക്കുകയാണ്.
പോരാട്ടം നിർത്തിവയ്ക്കാൻ താൻ ഇരുവശത്തോടും അഭ്യർഥിക്കുകയോ ഉപദേശിക്കുകയോ ചെയ്തു എന്നു പറയുന്നതിനു പകരം തന്റെ ഇടപെടലിലൂടെയാണ് പോരാട്ടം അവസാനിച്ചതെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രസ്താവന. ട്രംപിന്റെ പ്രസ്താവനയെ പൂർണമായി നിഷേധിക്കുന്നതായിരുന്നു ഇന്ത്യൻ പ്രതികരണം. ‘എങ്കിൽ ട്രംപിനെ നുണയനെന്നു വിളിക്കാമോ?’ എന്ന് പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെല്ലുവിളി ഉയർത്തുന്നതിനു വരെ അത് വഴിയൊരുക്കി.

ട്രംപിന്റെ വാശി താരിഫ് ചർച്ചകളെ ബാധിക്കുമെന്ന് മുൻകൂട്ടി കാണുന്നതിലും ഇന്ത്യൻ നയതന്ത്രത്തിനു പിഴവു പറ്റി. ഇന്ത്യയെ ‘താരിഫ് രാജാവ്’ എന്നായിരുന്നു തുടക്കം മുതലേ ട്രംപ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, ഇന്ത്യയുടെ വിപുലമായ വിപണി നൽകുന്ന നേട്ടം ട്രംപ് കൈവിടില്ലെന്ന തെറ്റായ കണക്കുകൂട്ടലിലാണ് ഇന്ത്യൻ വാണിജ്യനയതന്ത്രം മുന്നോട്ടുപോയത്. ജപ്പാന്റെയും യൂറോപ്യൻ യൂണിയന്റെയും തീരുവ നയത്തെ വിമർശിച്ചിരുന്ന ട്രംപ് ഒടുവിൽ അവരുമായി വിട്ടുവീഴ്ചയ്ക്കു തയാറായതും ഇന്ത്യൻ നേതൃത്വം ശ്രദ്ധിച്ചിരുന്നു.
യുഎസിൽനിന്ന് അടുത്തകാലത്തായി വൻതോതിൽ സൈനികോപകരണങ്ങൾ ഇന്ത്യ വാങ്ങുന്നത് ട്രംപ് പരിഗണിക്കുമെന്നും കരുതി. എന്നാൽ, റഷ്യയോടൊപ്പം കൂട്ടിക്കെട്ടിയാണ് ട്രംപ് ഇന്ത്യയെ കൈകാര്യം ചെയ്തത്.

മാത്രമല്ല, പാക്കിസ്ഥാന്റെ ഊർജസ്രോതസ്സുകൾ വികസിപ്പിക്കാൻ തീരുമാനിച്ചെന്നും ഒരു കാലത്ത് പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കുമെന്നും മറ്റുമുള്ള പ്രസ്താവനകളാണ് ട്രംപ് നടത്തിയത്.
ഭീഷണിപ്പെടുത്തി, തുടർന്നുള്ള തീരുവ ചർച്ചകളിൽ ഇന്ത്യയിൽ നിന്ന് കഴിയുന്നത്ര ഇളവുകൾ നേടിയെടുക്കാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്നാണ് വിദേശവകുപ്പിലെ പലരും കരുതുന്നത്. ശീതയുദ്ധകാലത്ത് ദക്ഷിണേഷ്യയിൽ നിലനിന്നിരുന്ന ശാക്തികചിത്രം തിരികെ കൊണ്ടുവരാനാണോ ട്രംപിന്റെ ശ്രമമെന്നു സംശയിക്കുന്നവരുമുണ്ട്. ഇന്ത്യയുമായി തട്ടിച്ചുനോക്കുമ്പോൾ വാണിജ്യാവശ്യങ്ങൾക്ക് ചൈനയാണ് യുഎസിന് പ്രധാനം. ചൈനയുമായി ശാക്തികസൗഹൃദമില്ലെങ്കിലും വാണിജ്യബന്ധങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനാണ് ട്രംപിന്റെ ശ്രമമെന്ന് കരുതാം. അതിലൂടെ റഷ്യയെ ഒതുക്കുകയുമാവാം. ഈ കളിയിൽ ഇന്ത്യയെ നിലയ്ക്ക് നിർത്തേണ്ടിവരികയാണെങ്കിൽ ആവട്ടെ എന്ന കണക്കുകൂട്ടൽ.

68 രാജ്യങ്ങൾക്കും 27 അംഗ യൂറോപ്യൻ യൂണിയനുമാണു ട്രംപ് ഭരണകൂടം തീരുവ വർധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവയും അതിനുമേൽ പിഴയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രസീലിനും ആഫ്രിക്കൻ രാജ്യമായ ലെസെത്തോയ്ക്കും 50 ശതമാനം വീതമാണു തീരുവ ചുമത്തുക.
അമേരിക്കയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായ യൂറോപ്യൻ യൂണിയന് 15 ശതമാനമാണു തീരുവ. കാനഡയ്ക്കുമേലുള്ള തീരുവ 25ൽനിന്ന് 35 ശതമാനമായി ഉയർത്തി. ഇതിനെതിരേ കാനഡ രംഗത്തെത്തി.

ഇന്ത്യക്ക് ഉയർന്ന തീരുവ പ്രഖ്യാപിച്ച ട്രംപ്, പാക്കിസ്ഥാന് ഇളവ് നല്കിയത് രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. പാക്കിസ്ഥാന് 19 ശതമാനമാണു തീരുവ. മുന്പ് ചുമത്തിയ തീരുവ 29 ശതമാനമായിരുന്നു.
വ്യാപാര ചർച്ചകളിൽ അന്തിമ ധാരണയാകാത്ത സാഹചര്യത്തിൽ ഇന്ത്യക്കെതിരേ അധിക തീരുവ ചുമത്തുമെന്നു യുഎസ് പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽനിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതു ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യയുഎസ് വ്യാപാര ചർച്ച അഞ്ചു വട്ടം പൂർത്തിയായിരുന്നു.
അടുത്ത ചർച്ച ഈ മാസം അവസാനം നടക്കാനിരിക്കേയായിരുന്നു ട്രംപ് തീരുവ വർധിപ്പിച്ചത്. ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾക്ക് ഏപ്രിൽ രണ്ടിന് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ പിന്നീട് ഓഗസ്റ്റ് ഒന്നുവരെ മരവിപ്പിക്കുകയായിരുന്നു.

തീരുവ വർധന ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള കയറ്റുമതിയുടെ പകുതിയെ ബാധിക്കുമെന്നാണു റിപ്പോർട്ട്. ഒരു വർഷം അമേരിക്കയിലേക്ക് 8,600 കോടി ഡോളറിൻറെ കയറ്റുമതിയാണ് ഇന്ത്യ നടത്തുന്നത്. ഇതിൽ 4,800 കോടി ഡോളറിൻറെ കയറ്റുമതിയെ തീരുവവർധന ബാധിക്കുമെന്നാണു സൂചന.
അതേസമയം, അമേരിക്കയുടെ തീരുവ വർധനയ്ക്കു തക്ക മറുപടിയുമായി ഇന്ത്യ. യുഎസ് നിർമിത അഞ്ചാം തലമുറ എഫ്35 സ്‌റ്റെൽത്ത് യുദ്ധവിമാനങ്ങൾ വാങ്ങാൻ താത്പര്യമില്ലെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ട്. ബ്ലൂംബർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പ്രതിരോധ ഉപകരണങ്ങൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുന്നതിലും നിർമിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണു ഇന്ത്യ കൂടുതൽ താത്പര്യപ്പെടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒരു എഫ്35 യുദ്ധവിമാനത്തിന് 800 കോടി ഡോളർ ചെലവ് വരും. ഫെബ്രവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനവേളയിലാണ് ഇന്ത്യക്ക് എഫ്35 യുദ്ധവിമാനങ്ങൾ ട്രംപ് വാഗ്ദാനം ചെയ്തത്. അതേസമയം, എസ്‌യു57 എന്ന അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ത്യക്കു നല്കാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Tariffs out of sync: Trump threatens again as higher tariffs take effect on August 7

Share Email
LATEST
Top