തിരുവനന്തപുരം: രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ് ഹോം റിസപ്ഷൻ’ പരിപാടിയിൽ പങ്കെടുക്കാൻ സംവിധായകൻ തരുൺ മൂർത്തിക്ക് ക്ഷണം. ഈ വരുന്ന സ്വാതന്ത്ര്യദിനത്തിലാണ് പരിപാടി നടക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് തരുൺ മൂർത്തിയെ ക്ഷണിച്ചത്. ഈ സന്തോഷ വാർത്ത തരുൺ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ തരുൺ കുറിച്ചത് ഇങ്ങനെയാണ്: ‘നമ്മുടെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ്‌ഹോം റിസപ്ഷനിലേക്ക്’ പ്രസിഡന്റ് ദ്രൗപതി മുർമു എന്നെ ക്ഷണിച്ചിരിക്കുന്നു. ഇതൊരു ബഹുമതിയായി കരുതുന്നു.’ നിരവധി പേരാണ് ഈ വിവരം അറിഞ്ഞ് തരുണിന് അഭിനന്ദനങ്ങളുമായി എത്തുന്നത്. നടി ചിപ്പിയും മകൾ അവന്തികയും അഭിനന്ദനങ്ങൾ അറിയിച്ചവരിൽ ഉൾപ്പെടുന്നു.
‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’, ‘തുടരും’ എന്നീ മൂന്ന് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയ സംവിധായകനാണ് തരുൺ മൂർത്തി. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് വൻ വിജയമാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം ‘തുടരും’ നേടിയത്.
നിലവിൽ, ഫഹദ് ഫാസിൽ, അർജുൻ ദാസ്, നസ്ലിൻ, ഗണപതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ടോർപിഡോ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് തരുൺ. ബിനു പപ്പുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒരു ഇടവേളക്ക് ശേഷം സുഷിൻ ശ്യാം സംഗീത സംവിധായകനായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ടോർപിഡോയ്ക്കുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്.
Tarun Murthy shines among stars: Invited to President’s ‘at home reception’