ട്രംപിന്റെ ആദ്യ അഞ്ചുമാസം; ഏറ്റവും കൂടുതൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ.) അറസ്റ്റുകൾ ടെക്സാസിൽ

ട്രംപിന്റെ ആദ്യ അഞ്ചുമാസം; ഏറ്റവും കൂടുതൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ.) അറസ്റ്റുകൾ ടെക്സാസിൽ

വാഷിങ്‌ടൺ: ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവിലെ ആദ്യ അഞ്ച് മാസങ്ങളിൽ, യു.എസ്. ഫെഡറൽ ഏജൻസിയായ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ.) നടത്തിയ അറസ്റ്റുകളുടെ വിശദാംശങ്ങൾ പുറത്തുവന്നു. ഈ കാലയളവിൽ 1,09,000-ത്തിലധികം പേർ അറസ്റ്റിലായെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗം അറസ്റ്റുകളും യു.എസിന്റെ അതിർത്തി സംസ്ഥാനങ്ങളിലും തെക്കൻ സംസ്ഥാനങ്ങളിലുമാണ് നടന്നതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നതായി സി.ബി.എസ്. ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ വിവരങ്ങൾ ഡിപോർട്ടേഷൻ ഡാറ്റാ പ്രോജക്ട് എന്ന സംഘടനയ്ക്കാണ് ലഭിച്ചത്.

ട്രംപ് അധികാരമേറ്റ ജനുവരി 20 മുതൽ ജൂൺ 27 വരെയുള്ള കാലയളവിൽ, മെക്സിക്കോയുമായി അതിർത്തി പങ്കിടുന്ന ടെക്സാസിലാണ് ഏറ്റവും കൂടുതൽ അറസ്റ്റുകൾ നടന്നത്. അറസ്റ്റിലായവരിൽ കൂടുതലും മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ്.

ട്രംപിന്റെ ഭരണത്തിൽ ഐ.സി.ഇ. അറസ്റ്റുകൾ വലിയ തോതിൽ വർധിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2024-ൽ ഇതേ കാലയളവിൽ ബൈഡൻ ഭരണത്തിന് കീഴിൽ 49,000-ത്തിലധികം അറസ്റ്റുകളാണ് രേഖപ്പെടുത്തിയത്. ട്രംപിന്റെ ഭരണത്തിൽ ഇതിൽ 120 ശതമാനത്തിന്റെ വർധനവുണ്ടായി.

ഈ കാലയളവിൽ നടന്ന അറസ്റ്റുകളിൽ ഏകദേശം കാൽ ഭാഗവും ടെക്സാസിലാണ്. ക്യൂബ, ബഹാമാസ് തുടങ്ങിയ രാജ്യങ്ങളുമായി സമുദ്രാതിർത്തി പങ്കിടുന്ന ഫ്ലോറിഡയിൽ 11 ശതമാനവും മെക്സിക്കോയുമായി അതിർത്തി പങ്കിടുന്ന കാലിഫോർണിയയിൽ 7 ശതമാനവും, തെക്കൻ സംസ്ഥാനമായ ജോർജിയയിൽ 4 ശതമാനവും, അരിസോണയിൽ 3 ശതമാനവുമാണ് അറസ്റ്റുകൾ നടന്നത്. കാനഡയുമായി അതിർത്തി പങ്കിടുന്ന വെർമോണ്ട്, അലാസ്ക, മൊണ്ടാന തുടങ്ങിയ സംസ്ഥാനങ്ങളിൽ 100-ൽ താഴെ അറസ്റ്റുകൾ മാത്രമാണ് രേഖപ്പെടുത്തിയത്.

അറസ്റ്റിലായ വ്യക്തികൾ ഏകദേശം 180 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ കൂടുതലും. ഏകദേശം 40,000 മെക്സിക്കൻ പൗരന്മാരെ ഐ.സി.ഇ. കസ്റ്റഡിയിലെടുത്തു. കൂടാതെ, ഗ്വാട്ടിമാലയിൽ നിന്ന് 15,000-ത്തോളം പേരെയും ഹോണ്ടുറാസിൽ നിന്ന് 12,000-ത്തോളം പേരെയും വെനിസ്വേലയിൽ നിന്ന് 8,000-ത്തോളം പേരെയും എൽ സാൽവഡോറിൽ നിന്ന് 5,000-ത്തിലധികം പേരെയും അറസ്റ്റ് ചെയ്തു. മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, 2023-ൽ യു.എസിൽ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരിൽ 84 ശതമാനവും ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

ടെക്സാസ്, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാദേശിക നിയമങ്ങൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നതിനാലാണ് ഇവിടെ കൂടുതൽ അറസ്റ്റുകൾ നടക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, അനധികൃത കുടിയേറ്റക്കാർക്ക് സംരക്ഷണം നൽകുന്ന അഭയ നയങ്ങളുള്ള നഗരങ്ങളിൽ കൂടുതൽ വിഭവങ്ങൾ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ അറസ്റ്റുകൾ നടത്തുന്നത്.

ട്രംപ് ഭരണകൂടം ഐ.സി.ഇ.-ക്ക് കൂടുതൽ അധികാരം നൽകി അറസ്റ്റുകളും നാടുകടത്തലുകളും ശക്തമാക്കിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെയും നിയമപരമായ താമസാവകാശം നഷ്ടപ്പെട്ടവരെയും അറസ്റ്റ് ചെയ്യാനും തടങ്കലിൽ വെക്കാനും നാടുകടത്താനും ഐ.സി.ഇ.-ക്ക് അധികാരമുണ്ട്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത അനധികൃത കുടിയേറ്റക്കാരെയും അറസ്റ്റ് ചെയ്യാൻ അനുമതി ലഭിച്ചിട്ടുണ്ട്. ട്രംപിന്റെ ഭരണത്തിന്റെ ആദ്യ പകുതിയിൽ 1,50,000 പേരെ നാടുകടത്തിയെന്നാണ് കണക്ക്. പ്രതിവർഷം ഒരു ദശലക്ഷം പേരെ നാടുകടത്താനാണ് സർക്കാരിന്റെ ലക്ഷ്യം.

Trump’s first five months; Texas sees highest number of ICE arrests

Share Email
LATEST
More Articles
Top