തിരുവനന്തപുരം: ചെമ്മീൻ സിനിമയുടെ അറുപതാം വാർഷികം ആഘോഷിച്ച് അണിയറ പ്രവർത്തകർ. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ പരീക്കുട്ടിയെ അനശ്വരനാക്കിയ നടൻ മധുവിന്റെ വസതിയായ ‘ശിവഭവനിൽ’ വെച്ചായിരുന്നു ചടങ്ങ്. പഴയകാല സിനിമാ താരങ്ങളും അണിയറപ്രവർത്തകരും മധുവിനൊപ്പം ചേർന്ന് ഓർമ്മകൾ പുതുക്കി.
ചെമ്മീൻ സിനിമയുടെ അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ പരീക്കുട്ടിയെ അവതരിപ്പിച്ച നടൻ മധുവിന്റെ വീട്ടിൽ സിനിമാരംഗത്തെ പ്രമുഖർ ഒത്തുകൂടി. വയലാർ രാമവർമ്മയുടെ മകൻ വയലാർ ശരത്ചന്ദ്ര വർമ്മ ‘ചെമ്മീനി’ലെ ‘മാനസമൈനേ വരൂ…’ എന്ന ഗാനം ആലപിച്ച് ചടങ്ങിന് തുടക്കമിട്ടു.
തുടർന്ന്, ‘ചെമ്മീനി’ൽ അഭിനയിച്ച നിലമ്പൂർ ആയിഷ, നടൻ സത്യന്റെ മകൻ സതീഷ് സത്യൻ, പിന്നണി ഗായിക രാജലക്ഷ്മി, ചെമ്മീൻ നിർമാതാവ് ബാബു സേട്ടിന്റെ മകൻ യഹിയ സേട്ട്, തിരക്കഥാകൃത്ത് എസ്.എൽ. പുരം സദാനന്ദന്റെ മകൻ ജയസോമ, കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൾ ശോഭ മോഹൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സംഗമത്തിനിടയിൽ മധുവിന്റെ ഇഷ്ടഗാനം ഏതെന്ന വയലാർ ശരത്ചന്ദ്ര വർമ്മയുടെ ചോദ്യത്തിന് മറുപടിയായി മധു ‘അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം’ എന്ന ഗാനം തിരഞ്ഞെടുത്തു. 1965-ൽ പുറത്തിറങ്ങിയ ‘റോസി’ എന്ന സിനിമയിലെ ഈ ഗാനം യേശുദാസാണ് ആലപിച്ചത്. മധുവിൻ്റെ ഇഷ്ടഗാനം എല്ലാവരും ചേർന്ന് പാടി ആഘോഷം കൂടുതൽ വർണാഭമാക്കി.
ചെമ്മീൻ സിനിമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച മധു, സിനിമയുടെ ഹിന്ദി റീമേക്ക് ഉപേക്ഷിച്ചതിനെക്കുറിച്ച് മനസ്സ് തുറന്നു. തകഴിയുടെ ‘ചെമ്മീൻ’ നോവൽ ആദ്യം ഹിന്ദിയിൽ സിനിമയാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഹിന്ദുമുസ്ലിം ലഹളയുണ്ടാകുമെന്ന ഭയം കാരണം ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് മധു പറഞ്ഞു. ബോളിവുഡ് നടനും നിർമ്മാതാവുമായ സുനിൽ ദത്താണ് നോവലിൻ്റെ അവകാശം വാങ്ങിയത്. “അവർ പദ്ധതി ഉപേക്ഷിച്ചിരുന്നില്ലെങ്കിൽ കറുത്തമ്മയുടെ കാമുകനായി സുനിൽ ദത്ത് കടപ്പുറത്തുകൂടി പാട്ടും പാടി നടന്നേനേ…” മധു ചിരിച്ചുകൊണ്ട് പറഞ്ഞു.
‘ചെമ്മീനി’ലെ ‘പരീക്കുട്ടി’ എന്ന കഥാപാത്രം നിരാശാകാമുകനല്ലെന്നും, കറുത്തമ്മയെ സ്നേഹിക്കുക മാത്രമാണ് അയാൾക്ക് ചെയ്യേണ്ടിയിരുന്നതെന്നും മധു കൂട്ടിച്ചേർത്തു.
മന്നാ ഡേ ആലപിച്ച ‘മാനസമൈനേ’ എന്ന ഗാനത്തിൻ്റെ ഉച്ചാരണത്തെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും, എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോഴാണ് ആ ഗാനത്തിൻ്റെ ശക്തി മനസ്സിലായതെന്നും മധു പറഞ്ഞു. ഇന്ത്യൻ സിനിമ ചരിത്രത്തിലെ വിസ്മയമായി മാറിയ ‘ചെമ്മീൻ’ പ്രസിഡൻ്റിൻ്റെ സുവർണ്ണ കമലം നേടിയ ആദ്യ ദക്ഷിണേന്ത്യൻ സിനിമയായി ചരിത്രത്തിൽ ഇടംനേടി.
The cast and crew celebrate the 60th anniversary of the movie ‘Chemmeen’; Madhu and his colleagues share memories