ടെൽ അവീവ് : വർഷങ്ങളായി തുടരുന്ന യുദ്ധത്തിനു അറുതി വരുത്തണമെന്നും ഹമാസ് തടവിലാക്കപ്പെട്ട ഇസ്രയേലികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പതിനായിരങ്ങൾ അണിനിരന്ന പ്രതിഷേധം. ഇന്നലെ ടെൽ അവീവിലെ “ഹോസ്റ്റേജസ് സ്ക്വയറിൽ’ ആണ് വൻ പ്രതിഷേധം അരങ്ങേറിയത്.
എന്നാൽ പ്രതിഷേധത്തെ വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. ഇത്തരം പ്രക്ഷോഭങ്ങൾ ഹമാസിൻ്റെ നിലപാട് കൂടുതൽ കടുപ്പിക്കുമെന്നും ബന്ദികളുടെ മോചനം മന്ദഗതിയിലാക്കുമെന്നും പറഞ്ഞു. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളും യുദ്ധം വ്യാപിക്കുന്നതിനെ എതിർക്കുന്നവരും രാജ്യത്ത് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഏറെ നാളായി സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഗാസ നഗരത്തിലെ തെക്കൻ സെയ്‌തൂൺ മേഖലയിൽ നിന്ന് ആയിരക്കണക്കിന് പേരാണ് പലായനം ചെയ്‌തതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 40 പേർ കൊല്ലപ്പെട്ടു.
ഗാസ സിറ്റിയിൽ നിന്ന് പത്ത് ലക്ഷം ആളുകളെ ബലമായി തെക്കൻ പ്രദേശങ്ങളിലെ ക്യാംപുകളിലേക്ക് മാറ്റാനാണ് ഇസ്രയേലിന്റെ നീക്കം. എന്നാൽ തങ്ങളുടെ സൈന്യം ഗാസ സിറ്റിയിൽ എപ്പോൾ പ്രവേശിക്കുമെന്ന് ഇസ്രയേൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
The war must end, Hamas hostages must be released: Tens of thousands protest in Tel Aviv