വാഷിംഗ്ടൺ: അലാസ്ക ഉച്ചകോടിയിലേക്ക് കണ്ണുംനട്ട് ലോകം. യുക്രെയ്ൻ വിഷയത്തിൽ ട്രംപ്-പുടിൻ കൂടിക്കാഴ്ച ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക്. ശുഭപ്രതീക്ഷയെന്ന് ഡോണാൾഡ് ട്രംപ്. സമാധാന ശ്രമങ്ങളെ വ്ലാദിമർ പുടിൻ അഭിനന്ദിച്ചു. കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അലാസ്കയിലേക്ക് പുറപ്പെട്ടു.
അലാസ്കയിലെ ആങ്കറേജ് യു എസ് സൈനിക കേന്ദ്രത്തിലാണ് കൂടിക്കാഴ്ച നടക്കുക. അലാസ്‌കയിലെ ഉച്ചകോടി ഫലപ്രദമായാൽ റഷ്യയും യുക്രെയ്‌നും അമേരിക്കയുടെ മധ്യസ്ഥതയിൽ വൈകാതെ ത്രികക്ഷി ചർച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. യുക്രെയ്നിൽ മൂന്ന് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിനായാണ് കൂടിക്കാഴ്ച.
യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് പുടിന് ഒരു കരാറിലെത്താൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് വിശ്വാസം പ്രകടിപ്പിച്ചിരുന്നു. “ഇപ്പോൾ അദ്ദേഹം ഒരു കരാറിലെത്തുമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നു” ട്രംപ് പറഞ്ഞു.
ചർച്ച ഫലം കാണുകയാണെങ്കിൽ റഷ്യയുടെമേൽ അമേരിക്ക ചുമത്തിയിട്ടുള്ള ഉപരോധങ്ങളും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കുമേൽ ചുമത്തിയ ശിക്ഷ തീരുവയിലടക്കം മാറ്റം ഉണ്ടായേക്കും. ചർച്ച പരാജയപ്പെടുകയാണെങ്കിൽ ഇന്ത്യക്കുമേൽ കൂടുതൽ തീരുവകളോ ഉപരോധമോ ചുമത്തിയേക്കാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വെളിപ്പെടുത്തിയിട്ടുണ്ട്. ചർച്ചയ്‌ക്കുശേഷവും യുക്രയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ റഷ്യ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
The world is watching: Trump flies to Alaska