തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. എയർ ഇന്ത്യ 2455 വിമാനത്തിന്റെ റഡാർ സംവിധാനത്തിനാണ് തകരാർ നേരിട്ടത്.
അടിയന്തര ലാൻഡിങ്ങിനുള്ള ശ്രമത്തിനിടെ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് ലാൻഡിങ് ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയർത്തി. അതുകൊണ്ട് വലിയൊരു അപകടം ഒഴിവാക്കാനായി. ഏകദേശം ഒരു മണിക്കൂറോളം ചെന്നൈ വിമാനത്താവളത്തിന് മുകളിലൂടെ പറന്ന ശേഷമാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്.
അഞ്ച് എംപിമാർ ഉൾപ്പെടെയുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് ഉണ്ടായിരുന്നത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. രാത്രി 12.30-ഓടെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ഡൽഹിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
അതെസമയം സംഭവത്തിൽ അന്വേഷണം വേണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. മറ്റൊരു ദുരന്തമാണ് ഒഴിവായതെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രസ്താവിച്ചു.
തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 2455 വിമാനമാണ് ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനം വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ അരമണിക്കൂറോളം വൈകിയാണ് വിമാനം യാത്ര ആരംഭിച്ചത്.ഒരു മണിക്കൂറോളം പറന്ന ശേഷം വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിമാനം ചെന്നൈയിൽ ഇറക്കാൻ തീരുമാനിച്ചു. ക്യാപ്റ്റൻ വെങ്കിടേഷിന്റെ അസാമാന്യ മികവുമൂലമാണ് വിമാനം സുരക്ഷിതമായി താഴെയെത്തിയതെന്ന് കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
വിഷയത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. വിമാനത്തിൻറെ പരിശോധന ചെന്നൈയിൽ നടക്കുന്നുണ്ട്. യാത്രക്കാർക്ക് പകരം സൗകര്യം ഒരുക്കുമെന്നും എയർഇന്ത്യ വക്താവ് അറിയിച്ചു. ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്നും അന്വേഷണം വേണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. രണ്ട് മണിക്കൂറോളം ചെന്നൈയ്ക്ക് മുകളിൽ വിമാനം പറന്നെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും നീക്കം തുടങ്ങിയിട്ടുണ്ട്.
Thiruvananthapuram-Delhi flight makes emergency landing in Chennai; major accident averted; five MPs among passengers