ടെൽ അവീവ്: ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ ഉടൻ കരാർ ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലികൾ നടന്നു. ബന്ദികളെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാരിനെതിരെയാണ് പ്രതിഷേധം ശക്തമാവുന്നത്.
ശനിയാഴ്ച ടെൽ അവീവിലെ ‘ഹോസ്റ്റേജ് സ്ക്വയർ’ എന്നറിയപ്പെടുന്ന സ്ഥലത്തും രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഹമാസുമായി ഒരു ബന്ദി മോചന കരാറിന് തയ്യാറാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
യുദ്ധവിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി മറ്റൊരു യഹൂദ-അറബ് കൂട്ടായ്മയിലും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
“ഒരു കരാർ ഇപ്പോൾ മേശപ്പുറത്തുണ്ട്. പക്ഷെ, എല്ലാ കരാറുകൾക്കും സമയപരിധിയുണ്ട്. പലപ്പോഴും അവസരങ്ങൾ പെട്ടെന്ന് ഇല്ലാതാകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ജീവൻ രക്ഷിക്കാനും മരിച്ചവരെ തിരികെ കൊണ്ടുവരാനുമുള്ള അവസാന അവസരമായിരിക്കാം ഇത്,” ബന്ദിയാക്കപ്പെട്ട ഗാലി, സിൻ ബെർമാൻ എന്നിവരുടെ സഹോദരൻ ലിറാൻ ബെർമാൻ പറഞ്ഞു. 2023 ഒക്ടോബർ 7-ന് കിബ്ബട്ട്സ് ക്ഫാർ അസയിലെ വീട്ടിൽ നിന്നാണ് ഹമാസ് തീവ്രവാദികൾ ഇവരെ തട്ടിക്കൊണ്ടുപോയത്.