ദേശീയ സുരക്ഷയ്ക്കു ഭീഷണി: അരുന്ധതി റോയിയുടെ ‘ആസാദി’ ഉൾപ്പെടെ 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മു-കശ്മീർ സർക്കാർ

ദേശീയ സുരക്ഷയ്ക്കു ഭീഷണി: അരുന്ധതി റോയിയുടെ ‘ആസാദി’ ഉൾപ്പെടെ 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മു-കശ്മീർ സർക്കാർ

ശ്രീനഗർ: പ്രമുഖ എഴുത്തുകാരായ അരുന്ധതി റോയി, എ.ജി. നൂറാനി എന്നിവരുൾപ്പെടെയുള്ളവരുടെ 25 പുസ്തകങ്ങൾ ജമ്മു-കശ്മീർ സർക്കാർ നിരോധിച്ചു. പുസ്തകങ്ങൾ ദേശീയ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു, തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു, പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ഈ പുസ്തകങ്ങൾ കണ്ടുകെട്ടാൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. അരുന്ധതി റോയിയുടെ ‘ആസാദി’, ഭരണഘടനാ വിദഗ്ധൻ എ.ജി. നൂറാനിയുടെ ‘ദ കശ്മീർ ഡിസ്പ്യൂട്ട് 1947–2012’ എന്നീ പുസ്തകങ്ങൾ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.

പുസ്തകങ്ങളുടെ ഉള്ളടക്കം വിശദമായി പരിശോധിച്ച ശേഷമാണ് ഈ തീരുമാനം എടുത്തതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഈ പുസ്തകങ്ങൾ പൊതുസമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ഹാനികരമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവിധ അന്വേഷണങ്ങളിൽ നിന്നും രഹസ്യാന്വേഷണ വിവരങ്ങളിൽ നിന്നും ലഭിച്ച സൂചനകൾ പ്രകാരം, ഈ പുസ്തകങ്ങൾ ചരിത്രത്തെ വളച്ചൊടിക്കുകയും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും അതുവഴി യുവാക്കളെ തീവ്ര നിലപാടുകളിലേക്ക് നയിക്കാൻ കാരണമാവുകയും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 98 പ്രകാരമാണ് പുസ്തകങ്ങൾ കണ്ടുകെട്ടുന്നത്. ഈ പുസ്തകങ്ങൾ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുകയും ചെയ്യുന്നുവെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Threat to national security: Jammu and Kashmir government bans 25 books including Arundhati Roy’s ‘Azaadi’

Share Email
LATEST
Top