വിജയം ലക്ഷ്യമിട്ട് തൃശൂര്‍ ടൈറ്റന്‍സ് ആലപ്പി റിപ്പിള്‍സ് പോരാട്ടം

വിജയം ലക്ഷ്യമിട്ട് തൃശൂര്‍ ടൈറ്റന്‍സ് ആലപ്പി റിപ്പിള്‍സ് പോരാട്ടം

തിരുവനന്തപുരം : കേരളാ ക്രിക്കറ്റ് ലീഗ് സീസണ്‍ ടു രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന് ആലപ്പി റിപ്പിള്‍സ് തൃശൂര്‍ ടൈറ്റന്‍സിനെ നേരിടും. വിജയത്തുടക്കത്തോടെ സീസണ്‍ ആരംഭിക്കാനാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്.വൈകുന്നേരം 6.45ന് നടക്കുന്ന മത്സരത്തില്‍ കൊല്ലം സെയിലേഴ്‌സിന്റെ എതിരാളി ട്രിവാണ്‍ഡ്രം റോയല്‍സാണ്.

ടൂര്‍ണ്ണമെന്റില്‍ വിജയത്തോടെ തുടക്കമിടാന്‍ ലക്ഷ്യമിട്ടാകും തൃശൂര്‍ ടൈറ്റന്‍സും ആലപ്പി റിപ്പിള്‍സും കളിക്കാനിറങ്ങുക. ആദ്യ സീസണില്‍ സെമിയില്‍ എത്താന്‍ കഴിയാതിരുന്ന റിപ്പിള്‍സ് താരതമ്യേന പുതിയൊരു ടീമുമായാണ് ഇത്തവണ ടൂര്‍ണ്ണമെന്റിനെത്തുന്നത്. കഴിഞ്ഞ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്നവരില്‍ നാല് പേര്‍ മാത്രമാണ് ഇത്തവണത്തെ നിരയിലുള്ളത്. ക്യാപ്റ്റന്‍ മൊഹമ്മദ് അസറുദ്ദീന്റെയും ജലജ് സക്‌സേനയുടെയും പരിചയ സമ്പത്ത് തന്നെയാണ് ടീമിന്റെ പ്രധാന കരുത്ത്. അക്ഷയ് ചന്ദ്രന്‍, അക്ഷയ് ടി കെ തുടങ്ങിയ ഓള്‍ റൌണ്ടര്‍മാരും അനൂജ് ജോതിന്‍, അരുണ്‍ കെ എ തുടങ്ങിയ ബാറ്റര്‍മാരും ടീമിലുണ്ട്. ബേസില്‍ എന്‍ പിയും രാഹുല്‍ ചന്ദ്രനുമായിരിക്കും ബൌളിങ് നിരയ്ക്ക് നേതൃത്വം നല്കുക.

മറുവശത്ത് കഴിഞ്ഞ സീസണെ അപേക്ഷിച്ച് കൂടുതല്‍ കരുത്തുറ്റൊരു ടീമുമായാണ് തൃശൂരിന്റെ വരവ്. ഓള്‍ റൗണ്ടറും കേരളത്തിന്റെ മുന്‍ രഞ്ജി ക്യാപ്റ്റനുമായ സിജോമോന്‍ ജോസഫാണ് ടീമിന്റെ ക്യാപ്റ്റന്‍. അക്ഷയ് മനോഹര്‍, വരുണ്‍ നായനാര്‍, അഹ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍ എന്നിവരടങ്ങുന്ന കരുത്തുറ്റൊരു ബാറ്റിങ് നിരയാണ് തൃശൂരിന്റേത്. ഇവക്കൊപ്പം വിഷ്ണു മേനോന്‍, ആനന്ദ് കൃഷ്ണന്‍ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ കൂടി ചേരുമ്പോള്‍ ബാറ്റിങ് നിര അതിശക്തമാണ്. സി വി വിനോദ് കുമാര്‍ സിബിന്‍ ഗിരീഷ് തുടങ്ങിയ ഓള്‍ റൗണ്ടര്‍മാരും എം ഡി നിധീഷും മൊഹമ്മദ് ഇഷാഖും, ആനന്ദ് ജോസഫുമടങ്ങുന്ന ബൌളിങ് നിരയും കരുത്തുറ്റതാണ്. ടൂര്‍ണ്ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രോഹിത് കെ ആര്‍ ആദ്യ മല്‌സരത്തില്‍ തൃശൂരിന് വേണ്ടി ഇറങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

രണ്ടാം മമത്സരത്തില്‍ കൊല്ലത്തിന്റെ എതിരാളി തിരുവനന്തപുരമാണ്. ആദ്യ മത്സരത്തിലെ അവിശ്വസനീയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് കൊല്ലം കളിക്കാനിറങ്ങുക. എങ്കിലും ടീമിന്റെ ചില പോരായ്മകള്‍ തുറന്ന് കാട്ടുന്നത് കൂടിയായിരുന്നു കാലിക്കറ്റിന് എതിരെയുള്ള മത്സരം. ഇത് തിരുത്തി കൂടുതല്‍ കരുത്തോടെ മുന്നേറുകയായിരിക്കും ടീമിന്റെ ലക്ഷ്യം. മറുവശത്ത് തൊട്ടതെല്ലാം പിഴച്ച ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം ഒരു തിരിച്ചുവരവിനാകും തിരുവനന്തപുരത്തിന്റെ ശ്രമം. ശക്തമായ ബാറ്റിംഗ് നിര അനാവശ്യ റണ്ണൗട്ടുകളിലൂടെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. ആത്മവിശ്വാസം വീണ്ടെടുക്കാന്‍ അനിവാര്യ വിജയം തേടി റോയല്‍സ് ഇറങ്ങുമ്പോള്‍ ആവേശപ്പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Thrissur Titans face Alleppey Ripples aiming for victory

Share Email
LATEST
More Articles
Top