അജിനാസിന് ഹാട്രിക് വിക്കറ്റ് നേട്ടം, അഹമ്മദ് ഇമ്രാന് അര്‍ധ സെഞ്ചുറി
തിരുവനന്തപുരം: അഹമ്മദ് ഇമ്രാന്റെ വെടിക്കെട്ടു ബാറ്റിംഗും അജിനാസിന്റെ തകര്‍പ്പന്‍ ബൗളിംഗും തൃശൂരിന് സമ്മാനിച്ചത് ഗംഭീര ജയം. കേരളാ ക്രിക്കറ്റ് ലീഗില്‍ അഞ്ചു വിക്കറ്റിന് കൊച്ചി ബ്ല്യൂ ടൈഗേഴ്‌സിനെ തൃശൂര്‍ ടൈറ്റന്‍സ് പരാജയപ്പെടുത്തി. ലീഗിലെ ആദ്യ ഹാട്രിക് ഉള്‍പ്പെടെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ കെ. അജിനാസും തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി ഗംഭീര ബാറ്റിംഗ് നടത്തി അഹമ്മദ് ഇമ്രാനുമാണ് ടീമിനെ വിജയത്തിനു മുന്നില്‍ നിന്നു നയിച്ചത്.
നാല് ഓവറില്‍ 30 റണ്‍സ് വിട്ടു നല്കി അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അജിനാസാണ് പ്ലയര്‍ ഓഫ് ദ മാച്ച്. അവസാന ഓവറിലെ അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് തൃശൂരിന്റെ ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫാണ് വിജയ റണ്‍ കുറിച്ചത്. ക്രിക്കറ്റ് ആരാധാകര്‍ക്ക് ത്രസിപ്പിക്കുന്ന കാഴ്ച്ചാ വിരുന്നാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ തൃശൂര്‍ ടൈറ്റന്‍സ്- കൊച്ചി ബ്യൂടൈഗേഴ്‌സ് മത്സരം സമ്മാനിച്ചത്. ടോസ് നേടിയ തൃശൂര്‍ കൊച്ചിയെ ബാറ്റിംഗിന് അയച്ചു. ആദ്യം ബാറ്റ് ചെയ്ത കൊച്ചി സഞ്ജു സാംസണിനിന്റെ 89(46) അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ 188 റണ്‍സ് സ്വന്തമാക്കി.
കൂറ്റന്‍ സ്‌കോര്‍ ചെയ്‌സ് ചെയ്തു വിജയം സ്വന്തമാക്കിയിട്ടുള്ള കൊച്ചിയുടെ കുതിപ്പിന് തടയിട്ട് 188 റണ്‍സില്‍ ഒതുക്കാന്‍ കഴിഞ്ഞത് സീസണിലെ ആദ്യ ഹാട്രിക് ഉള്‍പ്പെടെ അഞ്ചു വിക്കറ്റുമായി കെ. അജിനാസിന്റെ പ്രകടനമായിരുന്നു. കൊച്ചി മുന്നോട്ടുവെച്ച 189 റണ്‍സിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തില്‍ തൃശൂര്‍ മറികടന്നു.
189 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗ് ആരംഭിച്ചതൃശൂരി ന് സ്‌കോര്‍ 19 ലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. അവരുടെ വിശ്വസ്ഥ ബാറ്റ്‌സ്മാന്‍ ആനന്ദ് കൃഷ്ണന്‍ 7(8) കെ.എം ആസിഫ് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് ഷാനുവിന് ക്യാച്ച് നല്കി പുറത്തായി. സ്‌കോര്‍ 51 ല്‍ നിൽക്കെ ഷോണ്‍ റോജറിനെ അഖില്‍ സത്താര്‍ എല്‍ബി ഡബ്യുവില്‍ കുരുക്കി. 6.5-ാം ഓവറില്‍ വിഷ്ണു മേനോനെ 3(4) കെ.ജി അഖില്‍ നിഖില്‍ തോട്ടത്തിലിന്റെ കൈകളിലെത്തിച്ചു.
ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോളും അഹമ്മദ് ഇമ്രാന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്തു. 8.4 -ാം ഓവറില്‍ അഹമ്മദ് ഇമ്രാന്‍ 52(28) അര്‍ധസെഞ്ചുറി നേടി. 11-ാം ഓവറില്‍ തൃശൂരിന്റെ സ്‌കോര്‍ 100 ലെത്തി. 13.1 ആം ഓവറില്‍ അക്ഷയ് മനോഹര്‍ അഹമ്മദ് ഇമ്രാന്‍ കൂട്ടുകെട്ട് പി.എസ് ജറിന്‍ പൊളിച്ചു. ജറിന്റെ പന്തില്‍ ആസിഫ് പിടിച്ച് അക്ഷയ് മനോഹറിനെ 20(22) പുറത്താക്കി.
അക്ഷയ്- ഇമ്രാന്‍ കൂട്ടുകെട്ട് 37 പന്തില്‍ 51 റണ്‍സാണ് തൃശൂരിന് സമ്മാനിച്ചത്. ഇതേ ഓവറിലെ അവസാന പന്തില്‍ തൃശൂരിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അഹമ്മദ് ഇമ്രാനെ ജറിന്‍, മുഹമ്മദ് ആഷിക്കിന്റെ കൈകളിലെത്തിച്ചു. 40 പന്തില്‍ ഏഴു ബൗണ്ടറിയും നാലു സിക്‌സറുകളും ഉള്‍പ്പെടെ 72 റണ്‍സുമയാണ് ഇമ്രാന്‍ മടങ്ങിയത്.
15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയില്‍, 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ തൃശൂരിന്റെ സ്‌കോര്‍ 150 കടന്നു. ക്യാപ്റ്റന്‍ സിജോമോനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എ.കെ അര്‍ജുനും ചേര്‍ന്നുള്ള കൂട്ടുകെട്ട് സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. അവസാന ഓവറില്‍ വിജയ ലക്ഷ്യം 15 റണ്‍സ്. കെ.ജി അഖിലെറിഞ്ഞ ഈ ഓവറിലെ ആദ്യ മൂന്നു പന്തുകളില്‍ ഓരോ റണ്‍ മാത്രമാണ് അഖില്‍ വിട്ടു നല്കിയത്.
നാലം പന്ത് സിസ്‌കടിച്ച ക്യാപ്റ്റന്‍ സിജോമോന്‍ അടുത്ത പന്തില്‍ രണ്ടു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. വിജയലക്ഷ്യം ഒരു പന്തില്‍ നാലു റണ്‍സ്. അഖിലിന്റെ പന്ത് സ്‌ട്രേറ്റ് ഡൗണ്‍ ആയി ബൗണ്ടറിയിലേക്ക് പായിച്ച് വിജയാരവം മുഴക്കി.
Thrissur Titans win by five wickets