ന്യൂഡൽഹി: പ്രമുഖ ഷോർട്ട് വീഡിയോ ആപ്പായ ടിക് ടോക് ഇന്ത്യയിൽ തിരിച്ചെത്തുന്നുവെന്ന് അഭ്യൂഹങ്ങൾ. അഞ്ച് വർഷം മുമ്പ് കേന്ദ്ര സർക്കാർ നിരോധിച്ച ടിക് ടോക്കിന്റെ വെബ്സൈറ്റ് ചില ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയതാണ് ഈ ചർച്ചകൾക്ക് കാരണം. എന്നാൽ, മൊബൈൽ ആപ്പ് ഇപ്പോഴും ഗൂഗിൾ പ്ലേ സ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ ലഭ്യമല്ല.
ചില ഉപയോക്താക്കൾക്ക് ടിക് ടോക് വെബ്സൈറ്റ് ലഭിക്കുന്നുണ്ടെങ്കിലും, ഭൂരിഭാഗം പേർക്കും ഇപ്പോഴും വെബ്സൈറ്റ് ലഭിക്കുന്നില്ലെന്ന് എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരാതികൾ ഉയർന്നിട്ടുണ്ട്. ടിക് ടോക് തിരികെയെത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവും കമ്പനിയുടെ ഭാഗത്തുനിന്നോ മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല.
ടിക് ടോക്കിന്റെ തിരിച്ചുവരവ് വാർത്ത പഴയ ഉപയോക്താക്കൾ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. 2020-ൽ ഇന്ത്യ ടിക് ടോക് നിരോധിച്ചതിന് ശേഷമാണ് ഇൻസ്റ്റാഗ്രാം റീൽസും യൂട്യൂബ് ഷോർട്ട്സും ജനകീയമായത്. സാധാരണക്കാരായ നിരവധി പേരെ താരങ്ങളാക്കിയതിൽ ടിക് ടോക്കിന് നിർണായക പങ്കുണ്ടായിരുന്നു.
2020 ജൂണിലാണ് രാജ്യസുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ആപ്പുകൾ നിരോധിച്ചത്. ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന് പിന്നാലെയായിരുന്നു ഈ നീക്കം.
TikTok back in India? TikTok’s website, banned by the central government five years ago, is now available