റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കെതിരെ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതെന്ന ഡോണൾഡ് ട്രംപിന്‍റെ വാദം ശരിവച്ച് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് രംഗത്ത്. റഷ്യയെ സമ്മർദ്ദത്തിലാക്കി യുദ്ധം നിർത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച തന്ത്രമാണ് ഈ ഉയർന്ന തീരുവ നടപടിയെന്നും വാൻസ് വ്യക്തമാക്കി. ഇന്ത്യ റഷ്യയിൽ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനോട് ട്രംപ് സർക്കാർ നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ നടപടിയിലൂടെ റഷ്യയുടെ സാമ്പത്തിക ശക്തി കുറയ്ക്കുകയും യുക്രെയ്നിലെ സൈനിക നടപടികൾ തടയുകയുമാണ് ട്രംപിന്റെ ലക്ഷ്യമെന്ന് വാൻസ് പറഞ്ഞു.
ട്രംപിന്റെ ഈ ‘ആക്രമണാത്മക സാമ്പത്തിക സമ്മർദ്ദ’ തന്ത്രം റഷ്യയ്ക്ക് വ്യക്തമായ സന്ദേശം നൽകുന്നുവെന്ന് വാൻസ് അവകാശപ്പെട്ടു. യുദ്ധം അവസാനിപ്പിച്ച് ആഗോള സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താൻ റഷ്യക്ക് കഴിയുമെന്നും, എന്നാൽ യുക്രെയ്നെതിരായ ആക്രമണം തുടർന്നാൽ അവർ ഒറ്റപ്പെടുമെന്നും വാൻസ് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ നയങ്ങൾ വഴി യുദ്ധം അവസാനിപ്പിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.