വാഷിങ്ടൺ: റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം നിയന്ത്രിക്കാത്തപക്ഷം ശിക്ഷാപരമായ തീരുവ നിലപാട് യുഎസ് മയപ്പെടുത്തില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ്. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ സങ്കീർണ്ണമാണെന്നും അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി തങ്ങളുടെ വിപണി തുറക്കുന്നതിൽ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയാണെന്നും യുഎസ് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കൂടിയായ അദ്ദേഹം ആരോപിച്ചു.
ഇന്ത്യ വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ, ട്രംപും വിട്ടുവീഴ്ച ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സമാധാന കരാർ ഉറപ്പാക്കുന്നതിനും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുന്നതിനും വേണ്ടി യുഎസ് റഷ്യയ്ക്കുമേൽ ചെലുത്താൻ ശ്രമിക്കുന്ന സമ്മർദ്ദത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. വ്യാപാര ചർച്ചകളിൽ അന്തിമ നിലപാടിൽ എത്തുന്നതിന് മുമ്പ് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് ദീർഘവീക്ഷണത്തോടെ കാര്യങ്ങളെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കുമേൽ ചുമത്തുമെന്ന് പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ബുധനാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം പിഴച്ചുങ്കം കൂടിയായതോടെ ഇന്ത്യയിൽനിന്ന് യുഎസിലേക്കു കയറ്റുമതിചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമായി ഉയർന്നു. യുഎസിന്റെ 50 ശതമാനം തീരുവ ഇന്ത്യയുടെ കയറ്റുമതിമേഖലയെയും വിതരണശൃംഖലയെയും ഹൃസ്വകാലത്തേക്ക് കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
Trade talks with India are complicated, if there is no compromise, then Trump will not either, says Kevin Hassett