തിരുവനന്തപുരം : കെസിഎല്ലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് തോല്പിച്ച് ട്രിവാണ്‍ഡ്രം റോയല്‍സ് ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് ഒരോവര്‍ ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി.
അര്‍ദ്ധസെഞ്ച്വറിയുമായി റോയല്‍സിന് വിജയമൊരുക്കിയ റിയ ബഷീറാണ് കളിയിലെ താരംടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മല്‌സരത്തിലും വെടിക്കെട്ട് ബാറ്ററായ വിഷ്ണു വിനോദ് ചെറിയ സ്‌കോറില്‍ പുറത്തായി. ഒരു റണ്ണെടുത്ത വിഷ്ണു വിനോദിനെ ഫാനൂസ് ഫായിസ് റണ്ണൌട്ടാക്കുകയായിരുന്നു. സ്‌കോര്‍ 28ല്‍ നില്‌ക്കെ പത്ത് റണ്‍സെടുത്ത സച്ചിന്‍ ബേബിയെ ടി എസ് വിനിലും പുറത്താക്കി. എന്നാല്‍ അഭിഷേക് ജെ നായരും വത്സല്‍ ഗോവിന്ദും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് സെയിലേഴ്‌സിന് തുണയായി.കൂറ്റന്‍ ഷോട്ടുകള്‍ പായിച്ച് അഭിഷേക് സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ നിലയുറപ്പിച്ചുള്ള ഇന്നിങ്‌സായിരുന്നു വത്സല്‍ ഗോവിന്ദിന്റേത്. മനോഹരമായി ബാറ്റ് ചെയ്യുകയായിരുന്ന അഭിഷേകിനെ വി അജിത് പുറത്താക്കിയത് സെയിലേഴ്‌സിന് തിരിച്ചടിയായി. 36 പന്തുകളില്‍ ഒരു ഫോറും അഞ്ച് സിക്‌സും അടക്കം 53 റണ്‍സാണ് അഭിഷേക് നേടിയത്.
തുടര്‍ന്നെത്തിയ എം എസ് അഖിലിനെ മനോഹരമായൊരു യോര്‍ക്കറിലൂടെ അഭിജിത് പ്രവീണ്‍ മടക്കി. മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എന്‍ എം ഷറഫുദ്ദീന്റെ വിക്കറ്റും കൊല്ലത്തിന് നഷ്ടമായി. തുടര്‍ന്നെത്തിയവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാല്‍ മറുവശത്ത് ഉറച്ച് നിന്ന വത്സല്‍ ഗോവിന്ദിന്റെ പ്രകടനമാണ് കൊല്ലത്തിന് മികച്ച സ്‌കോര്‍ സാധ്യമാക്കിയത്. 47 പന്തുകളില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സുമടക്കം 63 റണ്‍സാണ് വത്സല്‍ ഗോവിന്ദ് നേടിയത്. ട്രിവാണ്‍ഡ്രം റോയല്‍സിന് വേണ്ടി അഭിജിത് പ്രവീണ്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് തുടക്കത്തില്‍ തന്നെ എസ് സുബിന്റെ വിക്കറ്റ് നഷ്ടമായി.
എന്നാല്‍ റിയ ബഷീറും കൃഷ്ണപ്രസാദും ചേര്‍ന്ന് അതിവേഗത്തില്‍ ഇന്നിങ്‌സ് മുന്നോട്ട് നീക്കി. എന്നാല്‍ ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിനെ ഏദന്‍ ആപ്പിള്‍ ടോമിന്റെ പന്തില്‍ ഷറഫുദ്ദീന്‍ ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താക്കി. 24 റണ്‍സായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. തുടര്‍ന്ന് ഗോവിന്ദ് ദേവ് പൈയ്ക്കും എം നിഖിലിനുമൊപ്പം റിയ ബഷീര്‍ തീര്‍ത്ത കൂട്ടുകെട്ടുകളാണ് മല്‌സരത്തില്‍ റോയല്‍സിന് നിര്‍ണ്ണായകമായത്.
ഗോവിന്ദ് ദേവ് പൈ 27ഉം നിഖില്‍ 26ഉം റണ്‍സെടുത്ത് പുറത്തായെങ്കിലും, മറുവശത്ത് ഉറച്ച് നിന്ന റിയ ബഷീര്‍ 45 പന്തുകളില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സുമടക്കം 62 റണ്‍സ് നേടി. കളി അവസാനത്തോട് അടുക്കെ റിയ ബഷീറിനെയും അഭിജിത് പ്രവീണിനെയും പുറത്താക്കി എം എസ് അഖില്‍ സെയിലേഴ്‌സിന് പ്രതീക്ഷ നല്കി. എന്നാല്‍ മനസാന്നിധ്യത്തോടെ ബാറ്റ് വീശിയ അബ്ദുള്‍ ബാസിദിന്റെ പ്രകടനം കളി റോയല്‍സിന് അനുകൂലമാക്കി. 11 പന്തുകളില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്ന അബ്ദുള്‍ ബാസിദിന്റെ മികവില്‍ 19ആം ഓവറില്‍ റോയല്‍സ് ലക്ഷ്യത്തിലെത്തി.
കൊല്ലത്തിന് വേണ്ടി ബിജു നാരായണനും എം എസ് അഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തിലൂടെ രണ്ട് പോയിന്റുമായി റോയല്‍സ് അക്കൗണ്ട് തുറന്നു.
Trivandrum Royals register first win in second season of KCL