വാഷിങ്ടൺ: യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വേഗത കൂട്ടി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായി വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായി നേരിട്ടുള്ള സമാധാന ചർച്ചയ്ക്ക് ട്രംപ് വഴിയൊരുക്കി. കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് പുതിനെ ഫോണിൽ വിളിക്കുകയും, ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും അറിയിച്ചു.
ട്രംപിന്റെ കൂടിക്കാഴ്ചയ്ക്ക് പുറമെ, മൂന്ന് രാഷ്ട്രത്തലവന്മാരും ഒരുമിച്ചുള്ള ചർച്ചയും നടന്നേക്കുമെന്ന് സൂചനയുണ്ട്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ട്രംപ്, സെലെൻസ്കി, ബ്രിട്ടൺ, ഫ്രാൻസ്, ജർമനി, ഇറ്റലി, ഫിൻലാൻഡ്, യൂറോപ്യൻ കമ്മീഷൻ, നാറ്റോ എന്നീ സംഘടനകളുടെ നേതാക്കൾ എന്നിവർ പങ്കെടുത്തു. ഇതിനിടെയാണ് ട്രംപ് കൂടിക്കാഴ്ച താൽക്കാലികമായി നിർത്തിവെച്ച് പുതിനുമായി ഫോണിൽ സംസാരിച്ചത്.
സമാധാന ശ്രമങ്ങൾക്ക് ട്രംപ് നൽകുന്ന പിന്തുണക്ക് നന്ദി പറഞ്ഞുകൊണ്ട് സെലെൻസ്കി സംസാരിച്ചു. ഈ ശ്രമങ്ങൾക്കൊപ്പം യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ സഹായം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും, എല്ലാ കാര്യങ്ങളും വിചാരിച്ച പോലെ നടന്നാൽ യുദ്ധം ഇന്നുതന്നെ അവസാനിക്കുമെന്നും ട്രംപ് മറുപടി നൽകി. യുക്രൈനെ പിന്തുണച്ച ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ, ഫിൻലാൻഡ്, യുകെ, ജർമനി തുടങ്ങിയ എല്ലാ രാജ്യങ്ങളോടും സെലെൻസ്കി നന്ദി അറിയിച്ചു.
സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരുന്നതിന് യുക്രൈൻ പ്രതിജ്ഞാബദ്ധമാണെന്ന് സെലെൻസ്കി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ട്രംപുമായും യൂറോപ്യൻ നേതാക്കളുമായും വാഷിങ്ടണിൽ നടക്കുന്ന കൂടിക്കാഴ്ച ഒരു പ്രധാന ചുവടുവെപ്പാണ്. യുക്രൈനിലെ സമാധാനം യൂറോപ്പിന് മുഴുവനുമുള്ള സമാധാനമാണെന്നും, ശക്തി ഉപയോഗിച്ച് മാത്രമേ റഷ്യയെ സമാധാനത്തിലേക്ക് കൊണ്ടുവരാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ്, യുഎസിന്റെ പ്രത്യേക പ്രതിനിധി കെയ്ത് കെല്ലോഗുമായും സെലെൻസ്കി ചർച്ച നടത്തിയിരുന്നു. ഓഗസ്റ്റ് 15-ന് അലാസ്കയിൽ വെച്ച് പുതിനുമായി ട്രംപ് നടത്തിയ ചർച്ചയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് തീരുമാനമാകാത്ത സാഹചര്യത്തിലാണ് സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ച.
Trump activates peace efforts to end Ukraine-Russia war; paves way for Putin-Zelensky meeting next