വാഷിംഗ്ടൺ: സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷന്റെ മ്യൂസിയങ്ങളും പ്രദർശനങ്ങളും ആഭ്യന്തരമായി വിലയിരുത്താൻ ഒരു പദ്ധതി പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. മൂന്ന് മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ അയച്ച കത്തിൽ, 2026 ജൂലൈ 4-ന് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തിന് രാജ്യം തയ്യാറെടുക്കുന്ന വേളയിൽ അമേരിക്കൻ പൈതൃകത്തിന്റെ ചരിത്രപരമായി കൃത്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ) ചിത്രീകരണങ്ങൾ ഉറപ്പാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അമേരിക്കൻ മഹത്വം ആഘോഷിക്കുക, ഭിന്നിപ്പിക്കുന്നതോ പക്ഷപാതപരമോ ആയ വിവരണങ്ങൾ ഒഴിവാക്കുക, നമ്മുടെ പൊതു സാംസ്കാരിക സ്ഥാപനങ്ങളിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുക’ എന്ന നിർദ്ദേശത്തിന് അനുസരിച്ചായിരിക്കും ഈ അവലോകനം. ‘അമേരിക്കൻ ചരിത്രത്തിന് സത്യവും യുക്തിയും പുനഃസ്ഥാപിക്കുക’ എന്ന ട്രംപിന്റെ മാർച്ചിലെ എക്സിക്യൂട്ടീവ് ഉത്തരവിൽ നിന്നാണ് ഈ സംരംഭം ഉടലെടുത്തത്. അതിൽ സ്മിത്‌സോണിയൻ ‘ഭിന്നിപ്പിക്കുന്നതും വംശീയത കേന്ദ്രീകരിച്ചുള്ളതുമായ പ്രത്യയശാസ്ത്രത്താൽ’ സ്വാധീനിക്കപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
നാഷണൽ മ്യൂസിയം ഓഫ് അമേരിക്കൻ ഹിസ്റ്ററി, നാഷണൽ മ്യൂസിയം ഓഫ് ആഫ്രിക്കൻ അമേരിക്കൻ ഹിസ്റ്ററി ആൻഡ് കൾച്ചർ എന്നിവയുൾപ്പെടെ വാഷിംഗ്ടൺ ഡി.സി-യിലെ എട്ട് മ്യൂസിയങ്ങളിലായിരിക്കും അവലോകനം ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. ‘കണ്ടന്റ് കറക്ഷനുകൾ’ 120 ദിവസത്തിനുള്ളിൽ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ, മ്യൂസിയങ്ങൾ വിലയിരുത്തുന്നതിനുള്ള വിവരങ്ങൾ സമർപ്പിക്കാൻ വൈറ്റ് ഹൗസ് ഒരു സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.