വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കു ഇന്ത്യ വഴങ്ങാത്തതിനു പിന്നാലെ ഇന്ത്യക്കെതിരേ കടുത്ത നടപടിയുമായി ട്രംപ്. 50 ശതമാനം താരിഫ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും നിര്‍ത്തിവെച്ചതായി യുഎസ് പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പുതിയ താരിഫ് ഈ മാസം 27 മുതല്‍ പ്രാബല്യത്തില്‍ വരും. ‘പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇനി ചര്‍ച്ചകള്‍ ഉണ്ടാവില്ല,” എന്നാണ് ട്രംപിന്റെ കര്‍ശന നിലപാട്. എന്നാല്‍ ഇതിനോട് പ്രതികരിച്ച ഇന്ത്യ അമേരിക്കന്‍ നീക്കത്തെ ‘അനീതിപരമെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ജനങ്ങളുടെ ഊര്‍ജ സുരക്ഷ പരമപ്രധാനമെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്തു വിലകൊടുക്കാനും തയാറാണെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതു കൃത്യമായ നിബന്ധനകള്‍ക്ക് വിധേയമായാണെന്ന നിലപാടാണ ഇന്ത്യയ്ക്കുള്ളത്.
ഇതിനിടെ അമേരിക്ക ഉയര്‍ന്ന തീരുവ ഈടാക്കിയാല്‍ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് വലിയ ആഘാതം നേരിടേണ്ടി വരും. ടെക്‌സ്‌റ്റൈല്‍, ജ്വല്ലറി, ലെതര്‍, മത്സ്യോല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ഇടിവ് പ്രതീക്ഷിക്കുന്നത്.
40 മുതല്‍ 55 ശതമാനം വരെ കയറ്റുമതിയില്‍ കുറവ് ഉണ്ടാകുമെന്ന് വ്യവസായ സംഘടനകള്‍ മുന്നറിയിക്കുന്നു.
ഇന്ത്യ, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ (WTO) പരാതി നല്‍കാനാണ് ആലോചിക്കുന്നത്. ഇതോടൊപ്പം, പുതിയ കയറ്റുമതി വിപണികള്‍ തേടാനും, ഊര്‍ജവൈവിധ്യം ഉറപ്പാക്കുന്നതിനും നയപരമായ നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. അമേരിക്കയുമായുള്ള വാണിജ്യബന്ധം ഇനി ഏത് ദിശയിലേക്ക് നീങ്ങുമെന്ന് അടുത്ത മാസം തീരുമാനകരമായിരിക്കും.
Trump announces suspension of trade talks with India after 50% tariff announcement