വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിൽ 2019-ൽ ഉണ്ടാകുമായിരുന്ന ആണവ ഏറ്റുമുട്ടൽ താൻ നേരിട്ട് ഇടപെട്ടാണ് തടഞ്ഞത് എന്ന് വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ്ഹൗസിൽ നടന്ന ഒരു കാബിനറ്റ് യോഗത്തിലാണ് ട്രംപ് ഇക്കാര്യം ആവർത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് സംസാരിച്ചെന്നും, പിന്നീട് പാകിസ്താനുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെന്നും ട്രംപ് പറഞ്ഞു.
“മോദിയോട് ‘നിങ്ങളും പാകിസ്താനും തമ്മിൽ എന്താണ് നടക്കുന്നത്?’ എന്ന് ചോദിച്ചു. അതുപോലെ പാകിസ്താനോടും ചോദിച്ചു. പല പേരുകളിലായിട്ടാണ് ഇത് നൂറുകണക്കിന് വർഷങ്ങളായി തുടരുന്നത്,” എന്ന് ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാൻ ഉയർന്ന താരിഫ് ചുമത്തുമെന്ന ഭീഷണിയാണ് ഇരുരാജ്യങ്ങളോടും ഉപയോഗിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു.
“ഞാൻ പറഞ്ഞു – നിങ്ങളുമായി വ്യാപാരകരാർ ഉണ്ടാക്കില്ല. നിങ്ങൾ ആണവയുദ്ധത്തിലേക്ക് പോകുകയാണ്. അങ്ങനെ പോയാൽ ഞങ്ങൾ ഇടപാടുകൾ ഒന്നും ഉണ്ടാക്കില്ല, മറിച്ച് ‘തലകറങ്ങുന്നത്ര’ താരിഫുകൾ ചുമത്തും. ഏകദേശം അഞ്ച് മണിക്കൂറിനുള്ളിൽ വിഷയത്തിൽ തീരുമാനം ഉണ്ടായി,” എന്നാണ് ട്രംപിന്റെ വാക്കുകൾ.
ഇന്ത്യ മുൻപ് തന്നെ ട്രംപിന്റെ ഈ അവകാശവാദം നിഷേധിച്ചിരുന്നുവെങ്കിലും, യുഎസ് പ്രസിഡന്റ് പലവട്ടം അത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
“ഇനി വീണ്ടും പ്രശ്നം ഉയർന്നാൽ ഞാനത് തടയും. ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ല,” എന്നും ട്രംപ് കൂട്ടിച്ചേർത്തു.
Trump Claims He Averted India–Pakistan Nuclear Clash; Threatened ‘Head-Spinning’ Tariffs