വാഷിംഗ്ടൺ: രണ്ടാമത്തെ ഭരണകാലത്ത് വൈറ്റ് ഹൗസിൽ വരുത്തിയ പരിഷ്കാരങ്ങളുടെ ഭാഗമായി, പുതുക്കിയ റോസ് ഗാർഡനിലെ സ്പീക്കർ സിസ്റ്റം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് പരീക്ഷിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ, പുതുക്കിപ്പണിത ഗാർഡൻ കാണിക്കുന്നുണ്ട്. കല്ല് പാകിയ തറ, ഇരിപ്പിടങ്ങൾ, വെട്ടിയൊതുക്കിയ ചെടികൾ എന്നിവ ഇതിൽ കാണാം. പശ്ചാത്തലത്തിൽ ട്രംപിന്‍റെ ഇഷ്ട ഗാനമായ ലീ ഗ്രീൻവുഡിന്റെ “ഗോഡ് ബ്ലെസ് ദി യുഎസ്എ” എന്ന ഗാനവും കേൾക്കാം.
“വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിക്കായി ഞങ്ങൾ സ്പീക്കറുകൾ പരീക്ഷിക്കുകയാണ്!” എന്ന് ട്രംപ് പറഞ്ഞതായി ലെവിറ്റ് കുറിച്ചു. പിന്നീട് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഡിലൻ ജോൺസൺ പങ്കുവെച്ച വീഡിയോയിൽ ട്രംപ് സൗണ്ട് സിസ്റ്റം നേരിട്ട് പരിശോധിക്കുന്ന ദൃശ്യങ്ങളുണ്ട്. പ്രോകോൾ ഹറമിൻ്റെ “എ വൈറ്റർ ഷേഡ് ഓഫ് പേൽ” എന്ന ഗാനം വൈറ്റ് ഹൗസിനു പുറത്ത് വരെ കേൾക്കാൻ കഴിയുന്നത്ര ഉച്ചത്തിൽ കേൾക്കാമായിരുന്നു.
നാഷണൽ പാർക്ക് സർവീസിന്റെ കീഴിൽ പൂർത്തിയാക്കിയ ഈ പുനരുദ്ധാരണത്തിൽ, റോസ് ഗാർഡനിലെ പരമ്പരാഗത പുൽത്തകിടിക്ക് പകരം കല്ല് പാകിയ തറയും പുതിയ ഡ്രെയിനേജ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയ പുൽത്തകിടി പത്രസമ്മേളനങ്ങൾക്കും ഔദ്യോഗിക പരിപാടികൾക്കും പലപ്പോഴും പ്രശ്‌നമുണ്ടാക്കിയിരുന്നതിനാൽ ഈ മാറ്റങ്ങൾ ട്രംപ് തന്നെയാണ് നിര്‍ദേശിച്ചത്.