ആങ്കറേജ് (അലാസ്ക, യുഎസ്): യുക്രെയ്നും ലോകത്തിനും സമാധാന പ്രതീക്ഷ പകർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനും തമ്മിലുള്ള ചർച്ച യുഎസിലെ അലാസ്കയിൽ സമാപിച്ചു. രണ്ടര മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും സംയുക്ത വാർത്താ സമ്മേളനം നടത്തി. ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയിലെത്തിയെന്നും എന്നാൽ അന്തിമ കരാറിലെത്തിയില്ലെന്നും ട്രംപ് അറിയിച്ചു. ചർച്ചയിലെ വിവരങ്ങൾ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായും നാറ്റോ രാജ്യങ്ങളുമായും ഉടൻ സംസാരിക്കുമെന്നും അതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അലാസ്കയിലെ ആങ്കറേജിലുള്ള ജോയിന്റ് ബേസ് എൽമെൻഡോർഫ്–റിച്ചാർഡ്‌സണിൽ നടന്ന ചർച്ചയിൽ ഡൊണാൾഡ് ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു. വ്‌ളാഡിമിർ പുട്ടിനൊപ്പം വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ്, വിദേശകാര്യ നയവിദഗ്ധൻ യൂറി ഉഷകോവ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. നേരത്തെ ഡൊണാൾഡ് ട്രംപും വ്‌ളാഡിമിർ പുട്ടിനും അടച്ചിട്ട മുറിയിൽ തനിച്ചു ചർച്ച നടത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. മൂന്നര വർഷമായി തുടരുന്ന യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ തേടിയാണ് ട്രംപും പുട്ടിനും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
മോസ്കോയിൽനിന്ന് മഗദാൻ എന്ന റഷ്യൻ നഗരത്തിലെത്തി അവിടെനിന്നാണ് പുട്ടിൻ അലാസ്കയിലേക്കു പുറപ്പെട്ടത്. യുഎസിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള അലാസ്ക ഭൂമിശാസ്ത്രപരമായി റഷ്യയോട് അടുത്താണ്. മഗദാൻ-അലാസ്ക യാത്രയ്ക്ക് ഏകദേശം നാല് മണിക്കൂർ മതി. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ അലാസ്കയിൽ ആദ്യമെത്തിയ ട്രംപ് പുട്ടിന്റെ വരവിനായി കാത്തു. വ്യോമത്താവളത്തിലെ ടാർമാക്കിൽവച്ച് പുട്ടിനെ ട്രംപ് ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. ആറ് വർഷത്തിനുശേഷമാണ് ട്രംപും പുട്ടിനും നേരിട്ട് കാണുന്നത്. തുടർന്ന് ചർച്ചാവേദിയിലേക്ക് ഇരുവരും ട്രംപിന്റെ കാറിലാണ് പോയത്. യുഎസിന്റെ ബി2, എഫ്22 യുദ്ധവിമാനങ്ങൾ പുട്ടിന് ആകാശാഭിവാദ്യം നൽകി. ശീതയുദ്ധകാലത്ത് റഷ്യയെ ലക്ഷ്യമിട്ട് യുഎസ് നിർമിച്ച വിമാനങ്ങളാണിവ.
ഉച്ചകോടിയിലേക്ക് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയെ ക്ഷണിക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. യുക്രെയ്നെക്കൂടി ഉൾപ്പെടുത്തിയുള്ള സമാധാന ചർച്ചയിലേക്കുള്ള പാലമായി അലാസ്ക ഉച്ചകോടി മാറുമെന്ന് സെലെൻസ്കി പ്രതീക്ഷ പ്രകടിപ്പിച്ചു. ‘യുദ്ധം അവസാനിപ്പിക്കാൻ സമയമായി. അതിനുവേണ്ടതു ചെയ്യേണ്ടത് റഷ്യയാണ്. അമേരിക്കയിൽ ഞങ്ങൾ വിശ്വാസമർപ്പിക്കുകയാണ്’ – സെലെൻസ്കി പറഞ്ഞു. സെലെൻസ്കിയെക്കൂടി ഉൾപ്പെടുത്തി അലാസ്കയിൽ രണ്ടാമതൊരു ഉച്ചകോടി വൈകാതെ തന്നെ നടക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.
Trump-Putin meeting brings hope for peace in Ukraine and the world; Trump wants a second summit in Alaska, including Zelensky