ട്രംപ്-പുട്ടിൻ കൂടിക്കാഴ്ച; ലോകശ്രദ്ധ ആങ്കറേജിലേക്ക് ; ഇരു നേതാക്കൾക്കും തുല്യ പരിഗണന, ഉച്ചകോടി അതീവ സുരക്ഷാവലയത്തിൽ

ട്രംപ്-പുട്ടിൻ കൂടിക്കാഴ്ച; ലോകശ്രദ്ധ ആങ്കറേജിലേക്ക് ; ഇരു നേതാക്കൾക്കും തുല്യ പരിഗണന, ഉച്ചകോടി അതീവ സുരക്ഷാവലയത്തിൽ

അലാസ്ക: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഭാവി നിർണയിച്ചേക്കാവുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ഡോണൾഡ് ട്രംപും വ്ലാഡിമിർ പുട്ടിനും ഇന്ന് അലാസ്കയിലെ ആങ്കറേജിൽ. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് യുഎസ്, റഷ്യൻ പ്രസിഡന്റുമാർ കൂടിക്കാഴ്ച നടത്തുന്നത്. അതീവ സുരക്ഷാവലയത്തിലാണ് ഉച്ചകോടി നടക്കുന്ന ആങ്കറേജിലെ ജോയിന്റ് എൽമെൻഡോർഫ്–റിച്ചാർഡ്സൺ സൈനികത്താവളം.

അലാസ്കയും സൈനികത്താവളവും യുഎസിന്റെ നിയന്ത്രണത്തിലായതിനാൽ, അമേരിക്കൻ സീക്രട്ട് സർവീസിന് വിദേശരാജ്യങ്ങളിൽ സാധാരണ നേരിടാറുള്ള വിലക്കുകളില്ലാതെ ആവശ്യമായ ആയുധങ്ങളും വാഹനങ്ങളും ആശയവിനിമയ ഉപാധികളും യഥേഷ്ടം കൊണ്ടുവരാൻ സാധിച്ചു. അതേസമയം, ടൂറിസ്റ്റ് സീസൺ ആയതിനാൽ ആങ്കറേജിൽ ഹോട്ടൽ മുറികളുടെയും റെന്റൽ കാറുകളുടെയും ലഭ്യതക്കുറവ് ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങളെ വലച്ചു. ഇതോടെ യാത്രാസൗകര്യത്തിനായി പ്രതിനിധി സംഘങ്ങൾ കാർഗോ വിമാനത്തിൽ എസ്‌യുവികൾ അലാസ്കയിലേക്ക് എത്തിച്ചെന്ന് യുഎസ് പ്രതിനിധികളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗിനോട് പറഞ്ഞു.

ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇരു നേതാക്കൾക്കും തുല്യ പരിഗണന നൽകണമെന്ന പ്രോട്ടോക്കോൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുട്ടിന്റെ നീക്കങ്ങൾ റഷ്യൻ സുരക്ഷാ സംഘം നിയന്ത്രിക്കുമ്പോൾ, യുഎസ് സീക്രട്ട് സർവീസ് പുറത്ത് സുരക്ഷാ വലയം തീർക്കും. കൂടിക്കാഴ്ച മുറിക്ക് പുറത്ത് യുഎസിന്റെ 10 ഏജന്റുമാരുണ്ടെങ്കിൽ, റഷ്യയുടെ ഭാഗത്തുനിന്നും 10 ഏജന്റുമാർ ഉണ്ടാകും. ഒരു പക്ഷവും മറുപക്ഷത്തിന്റെ വാതിൽ തുറക്കുകയോ, അവരുടെ വാഹനങ്ങളിൽ സഞ്ചരിക്കുകയോ ചെയ്യില്ല. ആളുകളുടെ എണ്ണം, ആയുധങ്ങൾ, വാഹനവ്യൂഹം, പരിഭാഷകരുടെ എണ്ണം എന്നിവയിലെല്ലാം ഈ തുല്യത പാലിക്കപ്പെടും.

അലാസ്കൻനഗരമായ ആങ്കറേജിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന യുഎസിന്റെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സൺ (ജെബിഇആർ) സേനാതാവളമാണ് ചരിത്രപരമായ ട്രംപ്-പുതിൻ ഉച്ചകോടിയുടെ വേദി. റഷ്യയിൽനിന്ന് 1867-ൽ യുഎസ് വാങ്ങിയപ്രദേശമാണ് അലാസ്ക. യുഎസിന്റെ ആർട്ടിക് കേന്ദ്രീകരിച്ചുള്ള ദൗത്യങ്ങൾ നടത്തുന്നത് ഈ താവളം കേന്ദ്രീകരിച്ചാണ്. റഷ്യൻസംഘത്തെ സേനാതാവളത്തിൽ സ്വീകരിക്കുന്നതിനെ തുടക്കത്തിൽ യുഎസ് എതിർത്തിരുന്നെങ്കിലും അതിസുരക്ഷാമാനദണ്ഡങ്ങളെല്ലാം ജെബിഇആറിൽ പാലിക്കപ്പെടുമെന്നുള്ളതിനാൽ പിന്നീട് സമ്മതിക്കുകയായിരുന്നു. നേരത്തേ ജുനാവു, ഫെയർബാങ്ക്സ്, ആങ്കറേഡ് നഗരങ്ങളാണ് വേദിക്കായി പരിഗണിച്ചിരുന്നത്. ചില അലാസ്കക്കാർ തങ്ങളുടെ സ്വകാര്യവസതികൾപോലും കൂടിക്കാഴ്ചയ്ക്ക് വിട്ടുനൽകാൻ സന്നദ്ധരായിരുന്നു. യുക്രൈൻയുദ്ധത്തിന്റെ പേരിൽ പുതിൻ അന്താരാഷ്ട്രകോടതിയുടെ അറസ്റ്റുവാറന്റ് നേരിടുന്നതിനാൽ മൂന്നാമതൊരു രാജ്യം ചർച്ചയ്ക്ക് വേദിയാക്കുകയും അത്ര എളുപ്പമായിരുന്നില്ല.

ജനുവരിയിൽ അധികാരത്തിലെത്തിയശേഷം തുടക്കത്തിൽ യുക്രൈനിൽനിന്നകന്നും റഷ്യയോടു ചാഞ്ഞുമുള്ള സമീപനമാണ് ട്രംപ് സ്വീകരിച്ചിരുന്നത്. പുതിനെ സുഹൃത്താണെന്നുപറഞ്ഞ് പല അവസരങ്ങളിലും പുകഴ്ത്തി. സെലെൻസ്കിയെ മെരുക്കാനാണ് പാടെന്നും പുതിന് കാര്യങ്ങൾ മനസ്സിലാകുമെന്നും പറഞ്ഞു. യുഎസ് നൽകുന്ന സഹായത്തിന് വേണ്ടത്ര നന്ദികാണിക്കുന്നില്ലെന്നുപറഞ്ഞ് ധാതുക്കരാർ ചർച്ചയ്ക്ക് വൈറ്റ്ഹൗസിലെത്തിയ സെലെൻസ്കിയെ ട്രംപ് അപമാനിച്ച്‌ ഇറക്കിവിട്ടു. യുഎസ് സഹായത്തിനുള്ള പ്രതിഫലമായി യുക്രൈന്റെ ധാതുസമ്പത്തിന്റെ പാതിയവകാശം യുഎസിന് നൽകുന്ന കരാറിൽ നിർബന്ധപൂർവം യുക്രൈനെ ഒപ്പിടീച്ചു. എന്നാൽ, വെടിനിർത്താനുള്ള തന്റെ സമ്മർദതന്ത്രം പുതിന്റെ കലത്തിൽ വേവുന്നില്ലെന്നായതോടെ ചുവടുമാറ്റി. പുതിന് യുക്രൈൻകാരെ കൊല്ലുന്നത് തുടരാനാണ് ഇഷ്ടമെന്നുപോലും പറഞ്ഞു. റഷ്യക്കുമേൽ കൂടുതൽ ഉപരോധഭീഷണി മുഴക്കി.

യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരിക്കുശേഷം പുതിനുമായി അഞ്ചുതവണ ട്രംപ് ഫോണിൽ സംസാരിച്ചിട്ടുണ്ട്. സമാധാനക്കരാറിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ പുതിന് തുടക്കത്തിൽ ട്രംപ് 50 ദിവസത്തെ സാവകാശം നൽകിയിരുന്നു. എന്നാൽ, അതിനിടെ യുക്രൈനിൽ റഷ്യ ആക്രമണം കടുപ്പിച്ചതോടെ അത് 10 ദിവസമായി ചുരുക്കി. ഈ കാലാവധി കഴിഞ്ഞവെള്ളിയാഴ്ച അവസാനിച്ചതോടെയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്.

യുദ്ധം തുടങ്ങിയശേഷം യുക്രൈനിൽനിന്ന് നിയമവിരുദ്ധമായി റഷ്യ പിടിച്ചെടുത്ത ഡൊണെറ്റ്സ്ക്, ലുഹാൻസ്ക്, ഹെർസോൺ, സപൊറീഷ എന്നീ നാല് പ്രവിശ്യകളും 2014-ലെ യുദ്ധത്തിൽ പിടിച്ചെടുത്ത ക്രൈമിയയും അവർക്ക് വിട്ടുകൊടുക്കില്ലെന്നാണ് യുക്രൈന്റെ നിലപാട്. അതിനെ യൂറോപ്യൻ സഖ്യകക്ഷികളും പിന്തുണയ്ക്കുന്നു. എന്നാൽ, ഇവ മടക്കിനൽകില്ലെന്ന നിലപാടിലാണ് പുതിനും. മാത്രമല്ല, യുക്രൈൻ നാറ്റോപ്രവേശനശ്രമം ഉപേക്ഷിച്ചാലേ സമാധാനകരാറിലെത്തൂവെന്നും ശഠിക്കുന്നു. അതേസമയം, യുക്രൈന്റെ രണ്ടുപ്രവിശ്യകളുൾപ്പെടെ റഷ്യയും യുക്രൈനും ചിലപ്രവിശ്യകൾ പരസ്പരം വെച്ചുമാറാനുള്ള കരാർനിർദേശങ്ങളാണ് യുഎസ് മുന്നോട്ടുവെക്കുകയെന്നാണ് സൂചന.

Trump-Putin meeting; World attention turns to Anchorage; Both leaders given equal treatment, summit under high security

Share Email
LATEST
Top