വാഷിംഗ്ടണ്‍: യുക്രെയ്ൻ റഷ്യക്കെതിരെ ആക്രമണം നടത്തണമെന്ന് സൂചിപ്പിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമാധാന ചർച്ചകൾ മുടങ്ങിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് ഇങ്ങനെ പറഞ്ഞു: “പ്രതിരോധം മാത്രമുള്ള ഒരു കായിക ടീമിന് ആക്രമിക്കാൻ അനുമതിയില്ലെങ്കിൽ അവർക്ക് വിജയിക്കാൻ ഒരു സാധ്യതയുമില്ല. യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം അതുപോലെയാണ്.” അധിനിവേശകരെ തിരിച്ച് ആക്രമിക്കാതെ ഒരു യുദ്ധത്തിൽ വിജയിക്കുക പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയെ തിരിച്ച് ആക്രമിക്കാൻ യുക്രെയ്നെ അനുവദിക്കാതെ പ്രതിരോധിക്കാൻ മാത്രമാണ് ജോ ബൈഡൻ അനുവാദം നൽകിയതെന്നും, അതിന്റെ ഫലമായി യുക്രെയ്ന് വിജയിക്കാൻ കഴിയുന്നില്ലെന്നും ട്രംപ് വിമർശിച്ചു. “ഞാൻ പ്രസിഡന്റായിരുന്നെങ്കിൽ ഈ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നു” എന്നും അദ്ദേഹം ആവർത്തിച്ചു.
ബൈഡൻ ഭരണകൂടം യുക്രെയ്നിന് ദീർഘദൂര യുഎസ് മിസൈലുകൾ റഷ്യൻ പ്രദേശങ്ങളിലേക്ക് തൊടുക്കാൻ ആദ്യം അനുവാദം നൽകിയിരുന്നില്ല. എന്നാൽ, സഖ്യകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്ന് 2024 നവംബറിൽ ഈ നയം മാറ്റുകയായിരുന്നു.