ഫെഡറൽ റിസർവ് ബോർഡ് ഓഫ് ഗവേണേഴ്സിൽ നിന്ന് ലിസ കുക്കിനെ പുറത്താക്കി ട്രംപ്

ഫെഡറൽ റിസർവ് ബോർഡ് ഓഫ് ഗവേണേഴ്സിൽ നിന്ന് ലിസ കുക്കിനെ പുറത്താക്കി ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനെ വരുതിയിലാക്കാൻ അധികാരത്തിലേറിയതുമുതൽ ശ്രമിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ബാങ്കിന്റെ ബോർഡ് ഓഫ് ഗവേണേഴ്സിൽ അംഗമായ ലിസ കുക്കിനെ പുറത്താക്കി. 2021-ൽ ഭവനവായ്പാ ഉടമ്പടിയിൽ വ്യാജപ്രസ്താവന നൽകിയെന്നാരോപിച്ചാണ് പുറത്താക്കൽ.

പ്രസിഡന്റിന്റെ ഭരണഘടനാപരമായ അധികാരമുപയോഗിച്ചും 1913-ലെ ഫെഡറൽ റിസർവ് ചട്ടമനുസരിച്ചുമാണ് പിരിച്ചുവിടലെന്ന് ട്രംപ് അറിയിച്ചു. എന്നാൽ, തന്നെ പുറത്താക്കാൻ ട്രംപിന് അധികാരമില്ലെന്നും പദവി രാജിവെക്കില്ലെന്നും കുക്ക് പറഞ്ഞു.

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നേതൃത്വത്തിൽനിന്ന് പ്രസിഡന്റ് ഒരാളെ പുറത്താക്കുന്നത് ആദ്യമാണ്. ഹ്രസ്വകാല വായ്പകളുടെ പലിശനിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഫെഡറൽ റിസർവ് ഗവർണർ ജെറോം പവലിനുമേൽ ട്രംപ് സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഈ നടപടി.

ബോർഡ് ഓഫ് ഗവേണേഴ്‌സിലെ ഏഴംഗങ്ങളിൽ ഒരാളാണ് കുക്ക്. പലിശനിരക്ക് നിശ്ചയിക്കുന്നതിനുള്ള 12 അംഗ സമിതിയിലും അംഗമാണവർ. യുഎസ് പ്രസിഡന്റാണ് ഈ പദവിയിലേക്ക് ആളുകളെ നിയമിക്കുന്നത്. ജൂലായിലാണ് ഫെഡറൽ റിസർവ് അവസാനമായി പലിശനിരക്ക് നിശ്ചയിച്ചത്. നിരക്കു കുറയ്ക്കണമെന്ന പ്രസിഡന്റിന്റെ സമ്മർദത്തിന്‌ വഴങ്ങേണ്ടെന്ന തീരുമാനമെടുത്ത അംഗങ്ങളിൽ ഒരാളാണ് കുക്ക്.

മിഷിഗൻ സ്റ്റേറ്റ് സർവകലാശാലയിലെ മുൻപ്രൊഫസറായിരുന്ന ലിസ ഫെഡറൽ റിസർവിന്റെ ബോർഡ് ഓഫ് ഗവർണർസ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ വംശജയാണ്. മുൻപ്രസിഡന്റ് ജോ ബൈഡനാണ് അവരെ ഈ സ്ഥാനത്ത്‌ നിയമിച്ചത്.

ഒരേസമയം രണ്ടിടത്ത് -മിഷിഗൻ, അറ്റ്‌ലാന്റ-തനിക്ക് ‘പ്രാഥമികവസതി’കളുണ്ട് എന്നുകാട്ടി കുക്ക് തട്ടിപ്പുനടത്തിയെന്നാണ് ആരോപണം. ഒരു വ്യക്തി പതിവായി താമസിക്കുന്ന ഇത്തരം വസതികൾക്ക് വായ്പപ്പലിശനിരക്ക് കുറവാണ്. വാടകവീടിനും രണ്ടാമതായി വാങ്ങുന്ന വീടിനും വായ്പപ്പലിശനിരക്ക് കൂടുതലാണ്. ഇതൊഴിവാക്കാനാണ് കുക്ക് തട്ടിപ്പുനടത്തിയതെന്നാണ് ആരോപണം.

Trump removes Lisa Cook from Federal Reserve Board of Governors

Share Email
LATEST
Top