വാഷിങ്ടൺ: ചൈനയുമായുള്ള തീരുവച്ചർച്ചകൾക്കിടെ അവിടെനിന്നുള്ള ആറുലക്ഷം വിദ്യാർഥികൾക്ക് യുഎസ് സർവകലാശാലകളിൽ പ്രവേശനം അനുവദിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു.
ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “നികുതിയിനത്തിലും മറ്റും ധാരാളം പണം അവിടെനിന്ന് യുഎസിലേക്കു വരുന്നുണ്ട്. അതുകൊണ്ടുതന്നെ ചൈനയുമായി നല്ലരീതിയിൽ മുന്നോട്ടുപോകാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ, അത് മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തെ ബന്ധത്തിൽനിന്ന് വ്യത്യസ്തമായിരിക്കും” -ട്രംപ് പറഞ്ഞു.
യുഎസ് മാധ്യമമായ ഫോക്സ് ന്യൂസിന്റെ കണക്കുപ്രകാരം വിവിധ യുഎസ് സർവകലാശാലകളിലായി നിലവിൽ 2,70,000 ചൈനീസ് വിദ്യാർഥികളാണ് പഠിക്കുന്നത്. കമ്യൂണിസ്റ്റ് ബന്ധമുള്ളവരോ പ്രധാന ഗവേഷണമേഖലയിലുള്ളവരോ ആയ ചൈനീസ് പൗരരുടെ വിസ റദ്ദുചെയ്യുമെന്ന് മേയിൽ യുഎസ് ആഭ്യന്തര സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ജൂൺമുതൽ അതിനുവിരുദ്ധമായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്.
അധികാരത്തിൽ വന്നശേഷം ചൈനയുമായി നികുതിയുദ്ധത്തിന് ട്രംപ് തുടക്കമിട്ടിരുന്നു. എന്നാൽ, റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യക്ക് പിഴച്ചുങ്കം പ്രഖ്യാപിച്ചപ്പോൾ, അവിടെനിന്ന് എണ്ണ ഇറക്കുതിചെയ്യുന്ന ചൈനയെ ഒഴിവാക്കുകയാണ് ചെയ്തത്.
Trump says 600,000 Chinese students will be allowed into US universities