റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന് ട്രംപ്, അറിയില്ലെന്ന് ഇന്ത്യ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന് ട്രംപ്, അറിയില്ലെന്ന് ഇന്ത്യ

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായി റിപ്പോർട്ട് ഉണ്ടെന്നും അത് “നല്ല നടപടി”യാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോസ്കോയിൽ നിന്ന് അസംസ്കൃത എണ്ണയും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യക്ക് പിഴ ചുമത്താൻ വാഷിംഗ്ടൺ തീരുമാനിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പരാമർശം വരുന്നത്.

“ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് എനിക്ക് മനസ്സിലായി. അതാണ് ഞാൻ കേട്ടത്, അത് ശരിയാണോ അല്ലയോ എന്ന് എനിക്കറിയില്ല. അതൊരു നല്ല നടപടിയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം….,” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ ഊർജ്ജ വ്യാപാരം വിപണിയിലെ കയറ്റിറങ്ങളും ദേശീയ താൽപ്പര്യങ്ങളും അനുസരിച്ചാണെന്നും ഇന്ത്യൻ എണ്ണ കമ്പനികൾ റഷ്യൻ ഇറക്കുമതി താൽക്കാലികമായി നിർത്തുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് അറിയില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

എന്നാൽ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍), മാംഗ്ലൂര്‍ റിഫൈനറി പെട്രോകെമിക്കല്‍സ് (എംആര്‍പിഎല്‍) എന്നിവ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

എന്നാല്‍, മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള നയാര എനര്‍ജി എന്നിവയ്ക്ക് റഷ്യയുമായി വാര്‍ഷിക കരാര്‍ ഉണ്ട്. ഇവര്‍ ഇപ്പോഴും ഇടപാടുകള്‍ തുടരുന്നുണ്ടെങ്കിലും ഇറക്കുമതി അവസാനിപ്പിക്കുമോ എന്നതില്‍ വ്യക്തതയില്ല. ദിവസേന 5 ലക്ഷം ബാരല്‍ വീതം വാങ്ങാനുള്ള 10 വര്‍ഷത്തെ കരാറിനാണ് റോസ്‌നെഫ്റ്റുമായി റിലയന്‍സ് ധാരണയിലെത്തിയത്. പക്ഷേ, റിലയന്‍സ് അബുദാബി മര്‍ബന്‍ ക്രൂഡിനായി കരാറിലേര്‍പ്പെട്ടെന്ന് ചില റിപ്പോര്‍ട്ടുകളുമുണ്ട്. റഷ്യയില്‍ നിന്നും എണ്ണ വേണ്ടന്നുവയ്ക്കുന്ന നീക്കത്തിന്റെ ഭാഗമാണോ ഇതെന്ന് വ്യക്തമല്ല.

Share Email
LATEST
Top