സംഘര്‍ഷം പരിഹരിച്ചശേഷം യുക്രയിനില്‍ സേനാവിന്യാസത്തില്‍ അമേരിക്കന്‍ ഇടപെടലുണ്ടാവില്ലെന്നു ട്രംപ്

സംഘര്‍ഷം പരിഹരിച്ചശേഷം യുക്രയിനില്‍ സേനാവിന്യാസത്തില്‍ അമേരിക്കന്‍ ഇടപെടലുണ്ടാവില്ലെന്നു ട്രംപ്

വാഷിംഗ്ടണ്‍: റഷ്യ- യുക്രയിന്‍ സംഘര്‍ഷം പരിഹരിച്ചശേഷം യുക്രയിനില്‍ സേനകളെ വിന്യസിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടാവില്ലെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സേനാ വിന്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടി സ്വീകരിക്കേണ്ടത് യൂറോപ്യന്‍ യൂണിയനായിരിക്കും. ഇവരെ സഹായിക്കാന്‍ അമേരിക്ക സന്നദ്ധ മാണ്. വ്യോമ മേഖലയിലും അമേരിക്ക സഹായം നല്കിയേക്കും.
റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നടത്തുന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ദിവസങ്ങള്‍ക്കു മുമ്പ് യുക്രയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സികയുമായും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായും ട്രംപ് വൈറ്റ്ഹൗസില്‍ ചര്‍ച്ച നടത്തിയിരുന്നു. യുദ്ധാനന്തര യുക്രെയിനു സുരക്ഷാ ഉറപ്പുകള്‍ ലഭ്യമാക്കുമെന്നാണ് ട്രംപ് ചര്‍ച്ചയില്‍ വാഗ്ദാനം ചെയ്തത്. അമേരിക്കന്‍ പങ്ക് നമമാത്രമായിരിക്കുമെന്നാണ്് ട്രംപ് ഇപ്പോള്‍പറയുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് സമാധാന ഉടമ്പടി ഉണ്ടാക്കാന്‍ താത്പര്യം ഇല്ലായിരിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വരുന്ന ആഴ്ചകളില്‍ പുടിന്റെ നിലപാട് വ്യക്തമാകും.മുമ്പ് താനും സെലന്‍സ്‌കിയും പുടിനും ഉള്‍പ്പെടുന്ന ത്രികക്ഷി ഉച്ചകോടി ക്ക് താത്പര്യം പ്രകടിപ്പിച്ചിരുന്ന ട്രംപ് ഇപ്പോള്‍ സെലന്‍സ്‌ക്കിയും പുടിനും ആദ്യം ചര്‍ച്ച നടത്തട്ടെ എന്ന് നിലപാട് മാറ്റിയിട്ടുണ്ട്. ”അവര്‍ രണ്ടുപേരും ആദ്യം കൂടിക്കാഴ്ച നടത്തട്ടെ. ആവശ്യമെങ്കില്‍ ഞാനും പോകാം” എന്നാണ് അദ്ദേഹം അഭിമുഖ ത്തില്‍ വ്യക്തമാക്കിയത്.

ഇതിനിടെ, ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ത്രികക്ഷി ഉച്ചകോടി നടത്തുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി വൈറ്റ്ഹൗസ് അറിയിച്ചു. യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരിലുള്ള അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് ഭയക്കാതെ പുടിനു സന്ദര്‍ശിക്കാവുന്ന രാജ്യമാണ് ഹംഗറി. തുര്‍ക്കിയിലെ ഇസ്താംബൂള്‍ നഗരവും ഉച്ച കോടിക്കായി പരിഗണനയിലുണ്ടെന്ന് വൈറ്റ്ഹൗസ് പറഞ്ഞു.

ഇതിനിടെ, സെലന്‍സ്‌കിയുമായി പുടിന്‍ കൂടിക്കാഴ്ച നടത്തും എന്നതില്‍ റഷ്യന്‍ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മാധ്യമ വാര്‍ത്തകള്‍ക്കായി വെറുതേ ഒരു ഉച്ചകോടി തട്ടിക്കൂട്ടാനാവില്ലെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇന്നലെ പറഞ്ഞത്.

Trump says there will be no US involvement in troop deployment in Ukraine after conflict is resolved.

Share Email
Top