വാഷിംഗ്ടൺ: താൻ പ്രസിഡന്റായിരിക്കുമ്പോൾ തായ്‌വാനെ തങ്ങൾ ആക്രമിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ഷീ ഉറപ്പ് നൽകി. താൻ അത് അംഗീകരിച്ചു. ചൈന തായ്വാനെ ആക്രമിക്കില്ലെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്,” ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
‘ഞാൻ ഇവിടെയുള്ളിടത്തോളം കാലം അത് സംഭവിക്കാൻ സാധ്യതയില്ലെന്ന് വിശ്വസിക്കുന്നു. നമുക്ക് നോക്കാം, നിങ്ങൾ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഞാൻ അത് ചെയ്യില്ലെന്ന് ഷി ജിൻപിങ് എന്നോട് പറഞ്ഞു’, ട്രംപ് പറഞ്ഞു. ‘ഞാൻ അത് അംഗീകരിക്കുന്നുവെന്ന് ഞാൻ മറുപടി നൽകി, ഞാൻ വളരെ ക്ഷമയുള്ളവനാണ്, ചൈനയും വളരെ ക്ഷമയുള്ളവരാണ്’, ട്രംപ് വ്യക്തമാക്കി. ട്രംപ് വീണ്ടും ഭരണത്തിലേറിയതിന് പിന്നാലെ ഷി ജിൻപിങ്ങും ട്രംപും ഫോണിലൂടെ സംസാരിച്ചിരുന്നു. ഏപ്രിലിൽ ഷീ തന്നെ വിളിച്ചിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ആ ഫോൺവിളിയുടെ ദൈർഘ്യത്തെ കുറിച്ച് അദ്ദേഹം വിശദമാക്കിയിരുന്നില്ല.
തായ്‌വാനെ സ്വന്തം പ്രദേശമായിട്ടാണ് ചൈന കണക്കാക്കുന്നത്. തായ്‌വാനെ ചൈനയോട് ചേർക്കാൻ ബലം പ്രയോഗിക്കാൻ പോലും മടിക്കില്ലെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ചൈനയുടെ പരമാധികാര വാദങ്ങളെ തായ്വാൻ ശക്തമായി എതിർത്തിട്ടുണ്ട്. വെള്ളിയാഴ്ച വാഷിംഗ്ടണിലെ ചൈനീസ് എംബസി തായ്‌വാൻ വിഷയം ചൈന-യുഎസ് ബന്ധങ്ങളിലെ ‘ഏറ്റവും പ്രധാനപ്പെട്ടതും വളരെ കരുതലോടെ സമീപിക്കേണ്ട കാര്യമാണെന്നും വിശേഷിപ്പിച്ചിരുന്നു.
Trump says Xi Jinping assured him that China would not invade Taiwan while he was president