വാഷിങ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി തീരുമാനിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രൈന് നാറ്റോയില്‍ പ്രവേശനം നല്‍കാന്‍ സാധിക്കില്ലെന്നും സെലന്‍സികിയോട് ക്രിമിയന്‍ ദ്വീപ് ഉപേക്ഷിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
സെലന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ച്ച വൈറ്റ്ഹൗസില്‍ ഇന്ന് നടക്കാനിരിക്കെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. 2014ലായിരുന്നു യുക്രൈനില്‍ നിന്ന് റഷ്യ ക്രിമിയ പിടിച്ചെടുത്തത്.
‘യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്കിക്ക് വേണമെങ്കില്‍ ഇപ്പോള്‍ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാം, അല്ലെങ്കില്‍ പോരാട്ടം തുടരാം. യുദ്ധം തുടങ്ങിയത് എങ്ങനെ എന്ന് ഓര്‍ക്കുക. ഒബാമ തന്ന ക്രിമിയ തിരികെ തരില്ല (12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വെടിപോലും ഉതിര്‍ക്കാതെ), യുക്രൈന്‍ നാറ്റോയില്‍ ചേരുകയുമില്ല. ചില കാര്യങ്ങള്‍ക്ക് ഒരിക്കലും മാറ്റമുണ്ടാകില്ല.’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അതേസമയം ക്രിമിയയും ഡോണ്‍ബാസും വിട്ടുനല്‍കിയൊരു സമവായമില്ലെന്നാണ് സെലന്‍സ്‌കിയുടെ പ്രതികരണം.
അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു ട്രംപ് ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചത്.
Trump says Zelensky must decide if war is to end