വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുമായി ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന കൂടിക്കാഴ്ച ആരംഭിച്ചു. യൂറോപ്യൻ നേതാക്കളും ചർച്ചയിൽ പങ്കെടുക്കുന്നു. ഓഗസ്റ്റ് 15-ന് അലാസ്‌കയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായി ട്രംപ് നടത്തിയ ചർച്ചയിൽ വെടിനിർത്തലിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ച.
നിലവിലെ യുദ്ധം അവസാനിപ്പിച്ച് മേഖലയിൽ സമാധാനം കൊണ്ടുവരാൻ ഡൊണാൾഡ് ട്രംപിന് കഴിയുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി ചർച്ചയ്ക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ബലപ്രയോഗത്തിലൂടെ മാത്രമേ റഷ്യയെ സമാധാനത്തിലേക്ക് നയിക്കാനാകൂ. പ്രസിഡന്റ് ട്രംപിന് അതിനുള്ള ശക്തിയുണ്ടെന്നും സെലെൻസ്‌കി പറഞ്ഞു.
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യു.എസ്. പ്രത്യേക പ്രതിനിധി കെയ്ത് കെല്ലോഗുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു. മേഖലയിൽ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് യുക്രെയ്ൻ പ്രതിജ്ഞാബദ്ധമാണെന്ന് സെലെൻസ്‌കി ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ട്രംപുമായും യൂറോപ്യൻ നേതാക്കളുമായും വാഷിങ്ടണിൽ നടന്ന കൂടിക്കാഴ്ച ഒരു പ്രധാന ചുവടുവെപ്പാണ്. യുക്രെയ്‌നിലെ സമാധാനം എന്നാൽ യൂറോപ്പിന് മുഴുവനുമുള്ള സമാധാനമാണെന്നും ശക്തി ഉപയോഗിച്ച് മാത്രമേ റഷ്യയെ സമാധാനത്തിലേക്ക് കൊണ്ടുവരാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടിക്കാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ ആരംഭിച്ചു. കൂടിക്കാഴ്ചയ്ക്കു മുൻപ് ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടു. സമാധാനശ്രമത്തിന് ട്രംപിന് നന്ദി പറഞ്ഞ സെലെൻസ്‌കി, യുദ്ധം അവസാനിപ്പിക്കാൻ സഹായം വേണമെന്നും ആവശ്യപ്പെട്ടു. സെലെൻസ്‌കിയും പുട്ടിനും സമാധാനം ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. എല്ലാം നന്നായി ഭവിച്ചാൽ ഇന്ന് യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ തുടങ്ങിയവരും വൈറ്റ് ഹൗസിൽ എത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും വൈറ്റ് ഹൗസിലുണ്ട്.
ആറ് മാസങ്ങള്‍ക്ക് മുന്‍പ് വൈറ്റ് ഹൗസില്‍ നിന്ന് അപമാനിതനായി മടങ്ങിയ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി, യൂറോപ്യന്‍ നേതാക്കളോടൊപ്പം വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാനെത്തുന്നത് നിര്‍ണ്ണായകമായ സന്ദര്‍ഭത്തില്‍. ഇത്തവണത്തെ കൂടിക്കാഴ്ച സെലെന്‍സ്‌കിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഡോണള്‍ഡ് ട്രംപിന്റെ ‘സമാധാന’ വ്യവസ്ഥകള്‍ യുക്രെയ്നിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.
മുന്‍ സന്ദര്‍ശനത്തില്‍, യുക്രെയ്നിനെ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, ‘സമാധാനത്തിന് തയ്യാറാകുമ്പോള്‍ വീണ്ടും വരാം’ എന്ന് സെലെന്‍സ്‌കിയോട് പറഞ്ഞിരുന്നു. ഈ കൂടിക്കാഴ്ച ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങളില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിരുന്നു.
കൂടിക്കാഴ്ചയ്ക്ക് മുമ്പ് ട്രംപ് നേരിട്ടെത്തി യുക്രെയിൻ പ്രസിഡന്റിനെ കൈ കൊടുത്ത് സ്വീകരിച്ചു. കറുത്ത കോളറുള്ള ഷർട്ടിന്റെ പുറമേ കറുത്ത സ്യൂട്ട്‌പോലുള്ള ജാക്കറ്റാണ് സെലൻസ്‌കി ധരിച്ചത്. എന്നാൽ, മുഴുവൻ സ്യൂട്ടോ, ടൈയോ ഉണ്ടായിരുന്നില്ല. സെലൻസ്‌കിയുടെ വസ്ത്രധാരണത്തെ അഭിനന്ദിച്ച ട്രംപ് അദ്ദേഹത്തിന്റെ തോളിലൂടെ സൗഹൃദ സൂചകമായി കൈ വയ്ക്കുകയും ചെയ്തു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കഴിഞ്ഞ വെള്ളിയാഴ്ച അലാസ്‌കയിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം നടന്ന ഈ ചർച്ചക്ക് ഏറെ പ്രാധാന്യമുണ്ട്. ആ കൂടിക്കാഴ്ചയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനോ സമാധാനത്തിനോ ധാരണയായിരുന്നില്ല. പുടിൻ അലാസ്‌കയിലേക്ക് വന്നത് വലിയ സംഭവമാണെന്ന് ട്രംപ് സെലൻസ്‌കിക്കൊപ്പം ഇരുന്നു കൊണ്ടു പറഞ്ഞു. യുക്രെയിനിൽ സമാധാനം പുന: സ്ഥാപിച്ച ശേഷം താൻ തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് സെലൻസ്‌കി പറഞ്ഞു.
യുദ്ധത്തിലെ കുട്ടികളുടെ ദുരിതത്തെ സൂചിപ്പിച്ച് അവരെ സംരക്ഷിക്കണമെന്ന സന്ദേശവുമായി അമേരിക്കൻ ഫ്രഥമ വനിത മെലാനിയ പുട്ടിന് കത്തയച്ചതിന് സെലൻസ്‌കി നന്ദി പറഞ്ഞു. മെലാനിയയ്ക്ക് കൈമാറാനായി തന്റെ ഭാര്യ ഒലീന സെലൻസ്‌ക എഴുതിയ കത്തും അദ്ദേഹം ട്രംപിന് കൈമാറി.
2022 ൽ ആരംഭിച്ച യുദ്ധം അവസാനിക്കാനുള്ള കാര്യമായ സാധ്യതയുണ്ടെന്ന്് ട്രംപ് പറഞ്ഞു. ‘ എല്ലാം നന്നായി കലാശിച്ചാൽ പുടിനെയും കൂടി ഉൾപ്പെടുത്തി ഒരു ത്രികക്ഷി ചർച്ച നടത്താം. ആളുകൾ മരിച്ചുവീഴുകയാണ്. അത് നമ്മൾക്ക് അവസാനിപ്പിക്കണം. സെലൻസ്‌കിക്കും, എനിക്കും, പുട്ടിനും അതാണ് താൽപര്യം’ ട്രംപ് പറഞ്ഞു. ത്രികക്ഷി ചർച്ചയെ യുക്രെയിൻ പ്രസിഡന്റ് സ്വാഗതം ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ തന്റെ രാജ്യത്തിന് അമേരിക്കയുടെയും, യൂറോപ്പിന്റെയും പന്തിണ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
അലാസ്‌കയില്‍ നടന്ന ട്രംപ്-പുടിന്‍ ഉച്ചകോടിക്ക് ശേഷമാണ് സെലെന്‍സ്‌കിയുടെ ഈ സന്ദര്‍ശനം. പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ യുക്രെയ്നിന്റെ കിഴക്കന്‍ മേഖലയിലെ ചില പ്രദേശങ്ങള്‍ റഷ്യക്ക് വിട്ടുകൊടുക്കുന്നതിനെക്കുറിച്ചുള്ള ധാരണകളുണ്ടായതായി സൂചനയുണ്ട്.
Trump-Zelensky crucial meeting begins in Washington