ഡൽഹി: അമേരിക്കൻ സമയം നാളെ അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ) ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള ട്രംപ് ഭരണകൂടത്തിന്‍റെ 50 ശതമാനം താരിഫ് പ്രാബല്യത്തിലാകുന്നത് ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് കനത്ത പ്രതിസന്ധിയുണ്ടാക്കുമെന്ന് റിപ്പോർട്ട്. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ, സൈനിക ഉപകരണ വാങ്ങലിനുള്ള ശിക്ഷയായാണ് ട്രംപിന്‍റെ ഈ നടപടി. നിലവിലെ 25% തീരുവയ്ക്ക് പുറമേ 25% കൂടി ചേർന്ന് ആകെ 50% താരിഫ് യു.എസ്. വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഭീഷണിയാകും. ചെമ്മീൻ, വസ്ത്രങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ തൊഴിൽ അധിഷ്ഠിത മേഖലകൾക്കാണ് ഏറ്റവും വലിയ തിരിച്ചടി. ബംഗ്ലാദേശ്, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്ക് കുറഞ്ഞ തീരുവയുള്ളതിനാൽ ഇന്ത്യൻ ഉത്പന്നങ്ങൾ മത്സരശേഷി നഷ്ടപ്പെടുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.
ടെക്സ്റ്റൈൽ, രത്ന-ആഭരണ മേഖലകൾ പ്രതിസന്ധിയിൽ
ഇന്ത്യയുടെ കയറ്റുമതിയിൽ 26% വരുന്ന ടെക്സ്റ്റൈൽ മേഖലയും 33% വരുന്ന രത്ന-ആഭരണ മേഖലയും ഈ താരിഫ് വർധനവിൽ കനത്ത നഷ്ടം നേരിടും. അപ്പാരൽ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ സെക്രട്ടറി ജനറൽ മിഥിലേഷ്വർ താക്കൂർ പറയുന്നത്, ടെക്സ്റ്റൈൽ മേഖലയെ ഈ നടപടി കാര്യമായി ബാധിക്കുമെന്നാണ്. പ്രത്യേകിച്ച് പോളിഷ് ചെയ്ത വജ്ര വ്യവസായം വലിയ പ്രതിസന്ധിയിലാകും. എന്നാൽ, ഫാർമസ്യൂട്ടിക്കൽ, ഇലക്ട്രോണിക്സ് മേഖലകളെ താൽക്കാലികമായി ഈ താരിഫിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയുടെ 17.6% കയറ്റുമതിയായ ഇലക്ട്രോണിക്സും യു.എസ്. മരുന്ന് ആവശ്യകതയുടെ 35% നിറവേറ്റുന്ന ഫാർമസ്യൂട്ടിക്കലുകളും ഈ ആശ്വാസം പ്രയോജനപ്പെടുത്തും.
സാമ്പത്തിക നഷ്ടവും സർക്കാർ ഇടപെടലും
യു.എസ്. ഉപഭോക്താക്കൾ പുതിയ ഓർഡറുകൾ നിർത്തിവെച്ചതിനാൽ സെപ്റ്റംബർ മുതൽ കയറ്റുമതി 20-30% കുറയാൻ സാധ്യതയുണ്ട്. 87 ബില്യൺ ഡോളറിന്റെ ഇന്ത്യൻ കയറ്റുമതിയുടെ 55% ഈ താരിഫ് ബാധിക്കുമെന്നാണ് വിലയിരുത്തൽ. വിയറ്റ്നാം, ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഇത് മത്സരനേട്ടമാകും. സാമ്പത്തിക നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ വായ്പാ സബ്സിഡികളും മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കൻ തീരുവ ബാധിക്കുന്ന മേഖലകളെ സഹായിക്കാൻ 25000 കോടിയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു.