വാഷിങ്ടണ്‍: പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാണിക്കുന്ന അടുപ്പവും ഇന്ത്യക്ക് മേല്‍ ചുമത്തിയിട്ടുള്ള നികുതി വര്‍ധനവും ദീർഘകാലത്തേക്കുള്ള വിജയം ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾ അല്ലെന്ന് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ഇതിലൂടെയെല്ലാം ട്രംപ് ലക്ഷ്യമിടുന്നത് നൊബേല്‍ പുരസ്‌കാരമാണെന്ന് ജോണ്‍ ബോള്‍ട്ടണ്‍ പറയുന്നു. ഫസ്റ്റ് പോസ്റ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ബോള്‍ട്ടന്റെ പരാമർശം.
“ട്രംപിന്റെ ആദ്യ ഭരണകാലത്ത് ‘ഹൗഡി മോദി’, ‘നമസ്തേ ട്രംപ്’ പോലുള്ള പരിപാടികളാണ് നമ്മള്‍ കണ്ടത്. എന്ത് മാറ്റമാണ് ഇപ്പോള്‍ സംഭവിച്ചത്? ഇതെല്ലാം ഒരു നൊബേല്‍ സമാധാന പുരസ്‌കാര നാമനിര്‍ദ്ദേശത്തിന് വേണ്ടിയാണ്. പാകിസ്താനുമായുള്ള ട്രംപിന്റെ അടുപ്പം മറ്റെന്തെങ്കിലും ലക്ഷ്യമിട്ടുള്ള ആലോചനകളല്ല. അങ്ങനെയൊന്നും ചെയ്യുന്ന തരത്തിലുള്ള ഒരാളല്ല ട്രംപ്.’ ബോള്‍ട്ടണ്‍ വ്യക്തമാക്കി.
ഇന്ത്യ-പാകിസ്താൻ സൈനിക ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ, അസിം മുനീര്‍ വൈറ്റ് ഹൗസില്‍ എത്തി പ്രസിഡന്റ് ട്രംപിനെ കണ്ടിരുന്നു. സെന്റ്‌കോം മേധാവിയുടെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി അസിം മുനീര്‍ നിലവില്‍ അമേരിക്കയിലാണുള്ളത്. അമേരിക്കന്‍ മണ്ണ് ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കാനായി ഉപയോഗിച്ചിരിക്കുകയാണ് അദ്ദേഹം. ‘അസിം മുനീര്‍ ചെയ്ത ഒരു കാര്യം, ട്രംപിനെ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു എന്നതാണ്. നോബേൽ ട്രംപിന് ഹരമായി മാറിയിരിക്കുകയാണ്.’ ബോള്‍ട്ടണ്‍ പറയുന്നു.
‘ഇതൊരു മുഖസ്തുതി തന്ത്രത്തിന്റെ ഭാഗമാണ്. അത് ട്രംപിന്റെ കാര്യത്തില്‍ പലപ്പോഴും ഫലിക്കാറുമുണ്ട്. അതുകൊണ്ട് പ്രധാനമന്ത്രി മോദിയോടുള്ള എന്റെ നിര്‍ദ്ദേശം, അടുത്ത തവണ ട്രംപിനോട് സംസാരിക്കുമ്പോള്‍, അദ്ദേഹത്തെ രണ്ടുതവണ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യാമെന്നും അത് ലഭിക്കുന്നത് വരെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടിരിക്കാമെന്നും വാഗ്ദാനം ചെയ്യണമെന്നാണ്. ഒരുപക്ഷേ അത് സഹായിച്ചേക്കാം.’ ബോള്‍ട്ടണ്‍ പറഞ്ഞു.
അമേരിക്ക വിദേശ നേതാക്കളെ സെന്‍സര്‍ ചെയ്യാറില്ലെങ്കിലും, പാകിസ്താനില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ നിലനില്‍ക്കുന്നത് എല്ലാവരുടെയും താല്‍പ്പര്യമാണെന്ന് ബോള്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. തന്റെ രണ്ടാമത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയ്ക്കെതിരെ അസിം മുനീര്‍ നടത്തിയ ആണവ ഭീഷണിയെക്കുറിച്ച് ബോള്‍ട്ടണ്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘പാകിസ്താന്‍-യുഎസ് ബന്ധം മെച്ചപ്പെട്ടതായി ഞാന്‍ കരുതുന്നില്ല. സത്യം പറഞ്ഞാല്‍, പാകിസ്താനില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ നിലനില്‍ക്കുന്നതും ആ രാജ്യം പട്ടാളഭരണത്തിന്റെ കീഴില്‍ അല്ലാതിരിക്കുന്നതും എല്ലാവരുടെയും താല്‍പ്പര്യമാണെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം പറഞ്ഞു.
Former National Security Adviser criticizes US President’s closeness to Azim Muneer