മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടു മുന്നോടിയായി തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ രണ്ടുവാക്കുകൾ മാത്രമുള്ള കുറിപ്പ് പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “അതീവ നിർണ്ണായകം!!!” എന്നാണ് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചിരിക്കുന്നത്.
പുതിനുമായുള്ള കൂടിക്കാഴ്ച വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് കരുതുന്നു എന്നത് വ്യക്തമാണ്. മൂന്നരവർഷമായിത്തുടരുന്ന യുക്രൈൻയുദ്ധം അവസാനിപ്പിക്കാൻ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

വെള്ളിയാഴ്ച അലാസ്കൻ നഗരമായ ആങ്കറേജിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന യുഎസിന്റെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സൺ (ജെബിഇആർ) സേനാതാവളത്തിൽ നടക്കുന്ന ട്രംപ്-പുതിൻ ചർച്ചയ്ക്ക് കനത്ത സുരക്ഷവലയമാണ് ഒരുക്കിയിരിക്കുന്നത്.
ഒരു ഉഭയകക്ഷി യോഗത്തിൽ, ഒരു നേതാവിന് ലഭിക്കുന്ന എല്ലാ പരിഗണനകളും അടുത്ത നേതാവിനും ലഭ്യമാക്കണമെന്ന് പരസ്പര ധാരണാ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിന്റെ നീക്കങ്ങളെ റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ നിയന്ത്രിക്കുമ്പോൾ യുഎസ് സീക്രട്ട് സർവീസ് പുറത്തൊരു സുരക്ഷാ വലയം തീർക്കും. ഇരുവിഭാഗവും പരസ്പരം കാറിന്റെ വാതിൽ തുറക്കുകയോ മറ്റുള്ളവരുടെ വാഹനങ്ങളിൽ യാത്ര ചെയ്യുകയോ ചെയ്യില്ല. യോഗം നടക്കുന്ന മുറിക്ക് പുറത്ത് 10 യുഎസ് ഏജന്റുമാരുണ്ടെങ്കിൽ, മറുവശത്ത് 10 റഷ്യൻ ഏജന്റുമാരും നിൽക്കും. തുല്യമായ ആളുകൾ, തോക്കിന് തോക്ക് എന്ന നിലയിൽ തുല്യമായിരിക്കും. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഈ തുല്യത നേതാക്കന്മാരുടെ വാഹനവ്യൂഹം മുതൽ പരിഭാഷകരുടെ ഇരിപ്പിടം വരെ നീളും.
Trump’s post just before meeting with Putin garners attention